വേനൽമഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു, മരം വീണ് കാറുകൾക്ക് കേടുപാടുകൾ

കൊച്ചി: ജില്ലയിൽ പെയ്ത ശക്തമായ വേനൽമഴയിലും വീശിയടിച്ച കാറ്റിലും വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. വിവിധ താലൂക്കുകളിലായി പത്തോളം വീടുകൾ ഭാഗികമായി തകർന്നു. മരം വീണും കെട്ടിടത്തിന്റെ മേൽക്കൂര തകർന്നും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിലും മഴയിലും കോതമംഗലം താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്; ഇവിടെ നാല് വീടുകൾ ഭാഗികമായി തകർന്നു. മൂവാറ്റുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് വീടുകൾക്കും, കൊച്ചി നഗരപരിധിയിൽ രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തൃപ്പൂണിത്തുറയിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണ് കേടുപാടുകൾ പറ്റി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജിൽ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഇ.ഇ.സി മാർക്കറ്റിന്റെ മുൻവശത്ത് മരം ഒടിഞ്ഞ് റോഡിലേക്ക് വീണത് ഗതാഗതം തടസ്സപ്പെടാൻ കാരണമായി. പിന്നീട് അഗ്നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

മൂവാറ്റുപുഴയിലെ ടാറ്റാ മോട്ടോഴ്സ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് അവിടെ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വരും ദിവസങ്ങളിലും ജില്ലയിൽ വേനൽമഴ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *