ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പുകളിലൊന്നായി നീറ്റ് (NEET UG) ചോദ്യപേപ്പർ ചോർച്ച മാറുന്നു. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വമ്പൻ മാഫിയാ ശൃംഖലയാണ് ഇതിന് പിന്നിലെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്ന് മേയ് മൂന്നിന് നടത്തിയ പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) റദ്ദാക്കി. ഇതോടെ രാജ്യത്തെ 22 ലക്ഷത്തോളം വിദ്യാർഥികൾ പരീക്ഷ വീണ്ടും എഴുതേണ്ടി വരും. പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു.
നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നാണ് ചോദ്യപേപ്പർ ആദ്യം ചോർന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അവിടെനിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ഒരു ഡോക്ടർക്കും തുടർന്ന് ജയ്പൂർ സ്വദേശിയായ ഖാതിഖ് എന്നയാൾക്കും പേപ്പർ ലഭിച്ചു. ഇയാളിൽ നിന്നാണ് സിക്കാറിൽ എംബിബിഎസ് അഡ്മിഷൻ ഏജൻസി നടത്തുന്ന രാകേഷ് കുമാർ ചോദ്യപേപ്പർ കൈക്കലാക്കിയത്. ഇവിടെ നിന്നാണ് കേരളം, ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ വിതരണം ചെയ്തത്. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ ഈടാക്കിയാണ് പേപ്പർ വിറ്റത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിൽ പഠിക്കുന്ന ഒരു എംബിബിഎസ് വിദ്യാർഥിയെ രാജസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തു. സിക്കാറിൽ നിന്നുള്ള ഈ വിദ്യാർഥി 30,000 രൂപയ്ക്ക് വാങ്ങിയ ചോദ്യപേപ്പർ സിക്കാറിൽ പി.ജി ഹോസ്റ്റൽ നടത്തുന്ന തന്റെ പിതാവിന് അയച്ചുകൊടുക്കുകയായിരുന്നു. ഹോസ്റ്റലിലെ കുട്ടികൾക്ക് ഇത് നൽകാൻ വിദ്യാർഥി ആവശ്യപ്പെട്ടു. പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റലുടമ നടത്തിയ പരിശോധനയിൽ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും അതേപടി ആവർത്തിച്ചതായി കണ്ടെത്തി. കുത്തും കോമയും പോലും മാറാതെയാണ് ചോദ്യങ്ങൾ വന്നത്. ഇദ്ദേഹം നൽകിയ വിവരമനുസരിച്ചാണ് അന്വേഷണം ഊർജിതമായത്.
കേസ് സിബിഐ ഏറ്റെടുത്തതോടെ നിർണ്ണായകമായ പല വിവരങ്ങളും പുറത്തുവന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന നാസിക്കിലെ പ്രിന്റിങ് പ്രസ്സുമായി ബന്ധപ്പെട്ടയാളെ സിബിഐ പിടികൂടിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയ പോലീസ്, രാകേഷ് കുമാറും എംബിബിഎസ് വിദ്യാർഥിയും അടക്കം 15 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തു. വൻ തുക നൽകി ചോദ്യപേപ്പർ വാങ്ങിയ വിദ്യാർഥികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ച ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

