തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണിയെ സന്ദർശിച്ചു. തിരുവനന്തപുരത്തെ ആന്റണിയുടെ വസതിയായ ‘അഞ്ജന’യിൽ എത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി മുതിർന്ന നേതാവിന്റെ പിന്തുണയും അനുഗ്രഹവും തേടാനാണ് സതീശൻ എത്തിയത്.
അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ മന്ത്രിസഭാ രൂപീകരണവും ചർച്ചയായതായാണ് വിവരം. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും പിന്തുണയും എ.കെ. ആന്റണി വാഗ്ദാനം ചെയ്തു. ആന്റണിയുടെ ദീർഘകാലത്തെ ഭരണപരിചയവും മാർഗനിർദ്ദേശങ്ങളും വരുംദിവസങ്ങളിൽ തനിക്ക് കരുത്താകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവർണറിൽ നിന്ന് നിയമനക്കത്ത് കൈപ്പറ്റിയ സതീശൻ, സത്യപ്രതിജ്ഞയ്ക്ക് മുൻപായി മുന്നണിയിലെയും പാർട്ടിയിലെയും പ്രമുഖ നേതാക്കളെ നേരിൽ കാണുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം നടത്തിയത്. വരും ദിവസങ്ങളിൽ മറ്റ് സഖ്യകക്ഷി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

