വടക്കഞ്ചേരി: പാലക്കാട് മുടപ്പല്ലൂരിൽ ഇലക്ട്രിക് കടയ്ക്ക് തീപിടിച്ച് വൻ നാശനഷ്ടം. മുടപ്പല്ലൂർ സ്വദേശി അയ്യപ്പാസിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തീപിടിച്ചത്. കട മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടിരുന്ന സമയത്തായിരുന്നു അപകടം.
കെട്ടിടത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്. വടക്കഞ്ചേരി, ആലത്തൂർ, കൊല്ലങ്കോട് എന്നിവിടങ്ങളിൽ നിന്നായി എത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
കടയ്ക്കുള്ളിലുണ്ടായിരുന്ന ഇലക്ട്രിക് സാമഗ്രികൾ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജനവാസ മേഖലയിലുണ്ടായ തീപിടിത്തം വേഗത്തിൽ അണയ്ക്കാൻ സാധിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കി.

