എൻ.ഡി.ആർ.എഫ് രാജ്യത്തിന്റെ വിശ്വാസം നേടിയെടുത്തു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഗാസിയാബാദ്: രൂപീകൃതമായി 20 വർഷമെന്ന ചുരുങ്ങിയ കാലയളവിനുള്ളിൽ രാജ്യത്തെ 140 കോടി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് (എൻ.ഡി.ആർ.എഫ്) സാധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗാസിയാബാദിൽ എൻ.ഡി.ആർ.എഫിന് ‘പ്രസിഡന്റ്‌സ് കളർ’ ബഹുമതി സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സേനയ്ക്കും ലഭിക്കാവുന്ന ഏറ്റവും ഉയർന്നതും അഭിമാനകരവുമായ പുരസ്കാരമാണ് പ്രസിഡന്റ്‌സ് കളേഴ്‌സ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളിലും അപകടഘട്ടങ്ങളിലും എൻ.ഡി.ആർ.എഫ് നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം നേരിട്ട പല വലിയ പ്രതിസന്ധികളിലും എൻ.ഡി.ആർ.എഫിന്റെ സാന്നിധ്യം ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

മികച്ച പരിശീലനവും ആധുനിക സജ്ജീകരണങ്ങളും ഉറപ്പാക്കുന്നതിലൂടെ ലോകത്തിലെ തന്നെ മികച്ച ദുരന്ത നിവാരണ സേനകളിൽ ഒന്നായി എൻ.ഡി.ആർ.എഫ് മാറിയതായും കേന്ദ്രമന്ത്രി പറഞ്ഞു. സേനയുടെ സേവന സന്നദ്ധതയെയും അച്ചടക്കത്തെയും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ മുതിർന്ന ഉദ്യോഗസ്ഥരും സേനാംഗങ്ങളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *