സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയം, പത്തനംതിട്ടയ്ക്ക് റെക്കോർഡ് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശർമിള മേരി ജോസഫിന്റെ നേതൃത്വത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ 99.07 ആണ് സംസ്ഥാനത്തെ ആകെ വിജയശതമാനം. പരീക്ഷ എഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 4,10,456 പേർ ഉപരിപഠനത്തിന് അർഹത നേടി.

റവന്യൂ ജില്ലകളിൽ 99.73 ശതമാനം വിജയം കൈവരിച്ച പത്തനംതിട്ടയാണ് വിജയശതമാനത്തിൽ ഏറ്റവും മുന്നിൽ. 99.72 ശതമാനവുമായി കോട്ടയവും 99.67 ശതമാനവുമായി കണ്ണൂരും തൊട്ടുപിന്നാലെയുണ്ട്. ഏറ്റവും കുറവ് വിജയശതമാനം രേഖപ്പെടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ് (98%). വിദ്യാഭ്യാസ ജില്ലകളിൽ നൂറുശതമാനം വിജയം നേടി കുട്ടനാട് (100%) ചരിത്രനേട്ടം സ്വന്തമാക്കിയപ്പോൾ, ഏറ്റവും കുറഞ്ഞ വിജയശതമാനം മലപ്പുറം ജില്ലയിലെ തിരൂരിലാണ് (96.61%).

സംസ്ഥാനത്ത് ആകെ 30,514 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടി. എല്ലാ വിഷയങ്ങളിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ് (5,098 പേർ). എന്നാൽ വിജയശതമാനത്തിന്റെ അനുപാതത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് ജേതാക്കളുള്ളത് കൊല്ലം ജില്ലയിലാണ് (11.6%).

ഉപരിപഠനത്തിന് അർഹത നേടിയ എല്ലാ വിദ്യാർത്ഥികളെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിനന്ദിച്ചു. പരീക്ഷയിൽ ഉയർന്ന വിജയം നേടിയവർക്കും മികച്ച നിലവാരം പുലർത്തിയ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും അദ്ദേഹം ആശംസകൾ നേർന്നു. വിജയം കൈവരിക്കാൻ സാധിക്കാതെ പോയ കുട്ടികൾ നിരാശരാകരുതെന്നും പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റി അടുത്ത അവസരത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *