ടിബറ്റിൽ അതിശക്തമായ ഭൂചലനം; 16 പേർ മരിച്ചു, 32 പേർക്ക് പരിക്ക്

ലാസ: ചൈനയുടെ ഭാഗമായ ടിബറ്റിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ 16 പേർ മരിച്ചു. 32 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച രാത്രി പ്രാദേശിക സമയമനുസരിച്ച് 10.33-നാണ് ഉണ്ടായത്. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയാണ് മരണവും പരിക്കും സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

ഭൂചലനത്തിൽ മുന്നൂറിലധികം വീടുകൾ തകർന്നതായാണ് റിപ്പോർട്ട്. വടക്കൻ ടിബറ്റിലെ നാഗ്ചു മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായും ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽനിന്ന് ഏകദേശം 390 കിലോമീറ്റർ അകലെയുമുള്ള പർവതപ്രദേശത്താണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. പരിക്കേറ്റവർക്കുള്ള ചികിത്സയും ദുരിതബാധിതർക്കുള്ള സഹായവും ഉറപ്പാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *