കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് അദ്ദേഹം ഇഡിക്ക് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവുമാണ് ഹാജരാകാൻ കഴിയാത്തതിന് കാരണമായി കത്തിൽ ചൂണ്ടിക്കാട്ടിയത്.
ഒക്ടോബർ 23ന് രാവിലെ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു പിണറായി വിജയന് നൽകിയ നോട്ടീസിലെ നിർദേശം. മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (സിഎംആർഎൽ) തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി.
അതേസമയം, കേസിൽ വിജിലൻസ് അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കും. അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച മുൻ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടുണ്ടെങ്കിലും ഇഡിയുടെ അന്വേഷണത്തിന് കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല.

