ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് 3 രൂപ വീതമാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതിനൊപ്പം സിഎൻജി വിലയിലും കിലോഗ്രാമിന് 2 രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇന്ധനവിലയിൽ ഇത്തരമൊരു പൊതുവർദ്ധനവ് രേഖപ്പെടുത്തുന്നത്.
തുടർച്ചയായ ആഴ്ചകളിൽ വില മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇപ്പോൾ ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 97.77 രൂപയായും ഡീസൽ വില 90.67 രൂപയായും ഉയർന്നു. മുംബൈയിൽ പെട്രോൾ വില 106.68 രൂപയായും ഡീസൽ 93.14 രൂപയായും വർധിച്ചു. കൊൽക്കത്തയിൽ പെട്രോളിന് 108.74 രൂപയും ഡീസലിന് 95.13 രൂപയുമാണ് പുതിയ നിരക്ക്. ചെന്നൈയിൽ പെട്രോൾ വില 103.67 രൂപയായും ഡീസൽ വില 95.25 രൂപയായും ഉയർന്നിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക നികുതികളിലെ (വാറ്റ്) വ്യത്യാസം കാരണം നിരക്കുകളിൽ ചെറിയ മാറ്റങ്ങളുണ്ടാകും.
വില വർധനവോടെ ഡൽഹിയിൽ സിഎൻജി വില കിലോഗ്രാമിന് 79.09 രൂപയായി. മുംബൈയിൽ ഇത് 84 രൂപയിലെത്തി. അതേസമയം, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക (എൽപിജി) വിലയിലും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) നിരക്കിലും മാറ്റം വരുത്തിയിട്ടില്ല.
പശ്ചിമേഷ്യയിൽ ഇസ്രായേൽ – ഇറാൻ സംഘർഷം രൂക്ഷമായതും ആഗോള ഊർജ്ജ വിപണിയുടെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതുമാണ് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാൻ കാരണമായത്. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ എണ്ണക്കമ്പനികൾക്കുണ്ടാകുന്ന പ്രതിദിന നഷ്ടം കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ഗതാഗത-ചരക്കുകൂലി വർധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഈ ഇന്ധനവില വർദ്ധനവ് കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്.

