വാഷിങ്ടൺ ഡിസി:30 വയസും അതിൽ കൂടുതലുമുള്ള സൈനികർക്ക് പ്രതിവർഷം ടെസ്റ്റോസ്റ്റിറോൺ കുറവ് (testosterone deficiency) പരിശോധിക്കുന്ന പുതിയ ആരോഗ്യപരിശോധന പദ്ധതി നടപ്പാക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചു. സൈനികരുടെ ശാരീരികവും മാനസികവുമായ സജ്ജത മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ നയപ്രകാരം 30 വയസിന് മുകളിലുള്ള എല്ലാ സൈനികർക്കും പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായി വാർഷിക ടെസ്റ്റോസ്റ്റിറോൺ പരിശോധന നിർബന്ധമാകും. 30 വയസിൽ താഴെയുള്ളവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ സ്വമേധയാ പരിശോധനയ്ക്ക് വിധേയരാകാനും അവസരമുണ്ടാകും. പരിശോധനയിൽ കുറവ് കണ്ടെത്തുന്നവർക്ക് ഹോർമോൺ ചികിത്സ (Testosterone Replacement Therapy) സ്വീകരിക്കണമോ എന്നത് വ്യക്തിയുടെ തീരുമാനമായിരിക്കും.
അതേസമയം, ഈ തീരുമാനത്തിനെതിരെ ചില മെഡിക്കൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത എല്ലാവർക്കും വ്യാപകമായി ടെസ്റ്റോസ്റ്റിറോൺ പരിശോധന നടത്തുന്നതിനും ഹോർമോൺ ചികിത്സ പ്രോത്സാഹിപ്പിക്കുന്നതിനും മതിയായ ശാസ്ത്രീയ തെളിവുകളില്ലെന്നും, ചികിത്സയ്ക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നും അവർ ചൂണ്ടിക്കാട്ടി.

