അമേരിക്കൻ വനിതയെ മോചിപ്പിച്ചതിന് ഇറാനെ അഭിനന്ദിച്ച് ട്രംപ്

വാഷിംഗ്ടൺ:2024 ഡിസംബർ മുതൽ ഇറാനിൽ യാത്രാ നിയന്ത്രണത്തിനും ചോദ്യം ചെയ്യലിനും വിധേയയായിരുന്ന അമേരിക്കൻ പൗരയായ ഡേന കരാരിയെ (Dena Karari) മോചിപ്പിച്ചതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ അഭിനന്ദിച്ചു. ഇത് “സൽമനസ്സിന്റെ ആംഗ്യം” (gesture of goodwill) ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. കരാരി ഇപ്പോൾ സുരക്ഷിതമായി ഇറാന് പുറത്താണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കരാരിയുടെ അഭിഭാഷകൻ ജാരെഡ് ഗെൻസറും മോചനം സ്ഥിരീകരിച്ച് ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലിന് നന്ദി അറിയിച്ചു.

2024-ൽ കുടുംബത്തെ സന്ദർശിക്കാൻ ഇറാനിലെ ഷിറാസിലെത്തിയ കരാരിയുടെ പാസ്‌പോർട്ട് ഇറാൻ അധികൃതർ പിടിച്ചെടുക്കുകയായിരുന്നു. ഔപചാരികമായി അറസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയയാക്കിയതായും രാജ്യത്ത് നിന്ന് പുറത്തുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഈ മോചനം നടന്നത്. സംഭവത്തെ മാനുഷിക പ്രാധാന്യമുള്ള നടപടിയായാണ് അമേരിക്കൻ അധികൃതർ വിലയിരുത്തുന്നത്. അതേസമയം, ഇറാൻ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *