ദയാവധ ബില്ലിന് ഫ്രഞ്ച് പാർലമെന്റിന്റെ അംഗീകാരം

പാരീസ്:ഫ്രാൻസിൽ കർശന വ്യവസ്ഥകളോടെ ദയാവധം (Assisted Dying) അനുവദിക്കുന്ന ചരിത്രപരമായ ബില്ലിന് ദേശീയ അസംബ്ലി അന്തിമ അംഗീകാരം നൽകി. 291 പേർ അനുകൂലിച്ചും 241 പേർ എതിർത്തുമാണ് ബിൽ പാസാക്കിയത്. എന്നാൽ ബിൽ നിയമമാകുന്നതിന് മുമ്പ് ഫ്രാൻസിന്റെ ഭരണഘടനാ കൗൺസിലിന്റെ പരിശോധനയും അംഗീകാരവും ആവശ്യമാണ്. പുതിയ ബിൽ പ്രകാരം, ഭേദമാക്കാനാകാത്ത ഗുരുതര രോഗത്തിന്റെ അവസാനഘട്ടത്തിലായതും അസഹ്യമായ വേദന അനുഭവിക്കുന്നതുമായ പ്രായപൂർത്തിയായ ഫ്രഞ്ച് പൗരന്മാർക്കും നിയമപരമായ താമസക്കാർക്കും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചാൽ ദയാവധം തേടാം.

സാധാരണയായി രോഗി തന്നെ മാരകമായ മരുന്ന് ഉപയോഗിക്കണം. എന്നാൽ ശാരീരിക അവശത കാരണം അത് സാധ്യമല്ലെങ്കിൽ ഡോക്ടർക്കോ നഴ്സിനോ മരുന്ന് നൽകാൻ അനുമതിയുണ്ട്. മാനസിക രോഗങ്ങളോ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളോ മാത്രം ഉള്ളവർക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ നൽകുന്ന വ്യക്തി സ്വതന്ത്രമായ തീരുമാനമെടുത്തതാണെന്ന് ഉറപ്പാക്കുന്നതിനായി മെഡിക്കൽ പരിശോധനകളും കാത്തിരിപ്പ് കാലയളവും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രോഗിയുടെ അന്തസ്സോടെയുള്ള ജീവിതാവസാനത്തിനുള്ള അവകാശം ഉറപ്പാക്കുന്ന നിയമമാണിതെന്ന് അനുകൂലികൾ പറയുമ്പോൾ, ദുരുപയോഗത്തിനും ദുർബല വിഭാഗങ്ങളിലുള്ളവരിൽ സമ്മർദം സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *