മനുഷ്യരെ ബാധിക്കാത്ത പുതിയ വൈറസുകൾ; എഐ ഉപയോഗിച്ച് 16 സിന്തറ്റിക് വൈറസുകൾ സൃഷ്ടിച്ച് സ്റ്റാൻഫോർഡ് ഗവേഷകർ

ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രകൃതിയിൽ നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത വൈറസുകളുടെ ജനിതകഘടന രൂപകൽപ്പന ചെയ്ത് അവയെ ലബോറട്ടറിയിൽ പ്രവർത്തനക്ഷമമാക്കുന്നതിൽ സ്റ്റാൻഫോർഡ് സർവകലാശാലയിലെയും ആർക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഗവേഷകർക്ക് നേട്ടം. ബാക്ടീരിയയെ ബാധിക്കുന്ന ബാക്ടീരിയോഫേജുകളാണ് ഗവേഷകർ വികസിപ്പിച്ചത്.

Evo 2 എന്ന ജീനോം ഭാഷാ മോഡലിന്റെ സഹായത്തോടെയാണ് വൈറസുകളുടെ ജനിതകഘടന രൂപകൽപ്പന ചെയ്തത്. മനുഷ്യരെ ബാധിക്കുന്ന വൈറസുകളുടെ ജനിതക വിവരങ്ങൾ മോഡലിന്റെ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രധാനമായും E. coli ബാക്ടീരിയയെ ബാധിക്കുന്ന ചെറിയ ബാക്ടീരിയോഫേജ് ΦX174-നെ അടിസ്ഥാനമാക്കിയാണ് പരീക്ഷണം നടത്തിയത്.

എഐ രൂപകൽപ്പന ചെയ്ത നിരവധി ജനിതക ശ്രേണികളിൽനിന്ന് ലബോറട്ടറിയിൽ പരീക്ഷിച്ചവയിൽ 16 എണ്ണം പ്രവർത്തനക്ഷമമായ ബാക്ടീരിയോഫേജുകളായി മാറി. ഇവ E. coli ബാക്ടീരിയയെ ബാധിക്കുകയും നശിപ്പിക്കുകയും ചെയ്തു. ചില പരീക്ഷണങ്ങളിൽ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയോഫേജുകളോട് പ്രതിരോധം പ്രകടിപ്പിച്ച ബാക്ടീരിയകളെയും ഇവ ലക്ഷ്യമിട്ടു.

ആന്റിബയോട്ടിക്കുകളോട് പ്രതിരോധം നേടിയ ബാക്ടീരിയ മൂലമുള്ള അണുബാധകൾക്ക് ഭാവിയിൽ ഫേജ് തെറാപ്പി പോലുള്ള ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിന് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എന്നാൽ മനുഷ്യരിൽ ചികിത്സയ്ക്കായി ഈ വൈറസുകൾ ഉപയോഗിക്കാൻ നിലവിൽ അനുമതിയോ തെളിയിക്കപ്പെട്ട ക്ലിനിക്കൽ പ്രയോഗമോ ഉണ്ടായിട്ടില്ല.

അതേസമയം, ഗവേഷണം ബയോസേഫ്റ്റി, ബയോസെക്യൂരിറ്റി ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. എഐ ഉപയോഗിച്ച് പുതിയ വൈറൽ ജനിതകഘടനകൾ രൂപകൽപ്പന ചെയ്യാനുള്ള ശേഷി ഭാവിയിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം ജനിതക വസ്തുക്കളുടെ നിർമ്മാണം, പരിശോധന, ലബോറട്ടറി സുരക്ഷ എന്നിവയിലും ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *