മൂവാറ്റുപുഴ: കായനാട് ശൂലം വെള്ളച്ചാട്ടത്തിന് സമീപം വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിൽ. മാറാടി ഗ്രാമപഞ്ചായത്തിലെ കായനാട് 14-ാം വാർഡിലാണ് തുടർച്ചയായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.
നേരത്തെ പ്രവർത്തിച്ചിരുന്ന ഉപയോഗശൂന്യമായ പാറമടയിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ സമീപത്തെ വീടുകളിലും തോടുകളിലും വെള്ളം ഉയരുന്ന സാഹചര്യമുണ്ടായി.
സംഭവത്തെ തുടർന്ന് വെള്ളിയാഴ്ച ജനപ്രതിനിധികളും റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പാറമട നികത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വീണ്ടും ഉഗ്രശബ്ദത്തോടെ കൂറ്റൻ മൺകൂന ഇടിഞ്ഞുവീണത്.
മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ പന്നിഫാമിലേക്കും ഒരു വീട്ടിലേക്കും വെള്ളം കയറി. പ്രദേശത്ത് തുടർച്ചയായി മണ്ണിടിച്ചിൽ ഉണ്ടാകുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. പാറമട അടിയന്തരമായി മൂടുന്നതിനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

