വാഷിംഗ്ടൺ: പാശ്ചാത്യ രാജ്യങ്ങളുടെ തകർച്ചയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നടത്തിയ പരാമർശങ്ങളെ മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക തകർച്ച നേരിടുന്ന രാജ്യമാണെന്ന ഷി ജിൻപിങ്ങിന്റെ വിലയിരുത്തൽ നൂറു ശതമാനം ശരിയാണെന്നും എന്നാൽ അത് ജോ ബൈഡൻ ഭരിച്ച കഴിഞ്ഞ നാല് വർഷത്തെക്കുറിച്ചാണെന്നും ട്രംപ് വ്യക്തമാക്കി. ബെയ്ജിങ്ങിൽ നടക്കുന്ന ഇരുരാജ്യങ്ങളുടെയും ഉച്ചകോടിക്കിടെ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
അമേരിക്ക ഒരു തകർച്ചയിലുള്ള രാഷ്ട്രമാണെന്ന് ഷി ജിൻപിങ് വളരെ ഭംഗിയായി സൂചിപ്പിച്ചപ്പോൾ, അത് ‘സ്ലീപ്പി ജോ ബൈഡന്റെ’ ഭരണകാലത്ത് രാജ്യം അനുഭവിച്ച വലിയ നാശനഷ്ടങ്ങളെക്കുറിച്ചായിരുന്നുവെന്ന് ട്രംപ് കുറിച്ചു. ബൈഡന്റെ കാലത്തെ തുറന്ന അതിർത്തി നയങ്ങൾ, ഉയർന്ന നികുതി നിരക്കുകൾ, ട്രാൻസ്ജെൻഡർ നയങ്ങൾ, കായികരംഗത്തെ ലിംഗവിവേചനം, വിവാദപരമായ ട്രേഡ് ഡീലുകൾ, രാജ്യത്ത് വർദ്ധിച്ചുവന്ന കുറ്റകൃത്യങ്ങൾ എന്നിവ കാരണം അമേരിക്കയ്ക്ക് അളക്കാനാവാത്ത വിധം തിരിച്ചടികൾ നേരിടേണ്ടി വന്നതായും ട്രംപ് ആരോപിച്ചു.
തന്റെ ഭരണകൂടം അധികാരമേറ്റ ശേഷമുള്ള കഴിഞ്ഞ 16 മാസത്തിനിടയിൽ അമേരിക്ക അഭൂതപൂർവ്വമായ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു. ഓഹരി വിപണിയിലെ റെക്കോർഡ് നേട്ടങ്ങൾ, സാമ്പത്തിക രംഗത്തെ കരുത്ത്, പ്രതിരോധ മേഖലയിലെ വിജയങ്ങൾ, ചരിത്രത്തിലെ ഏറ്റവും മികച്ച തൊഴിൽ വിപണി എന്നിവ ഇതിന് തെളിവാണ്. രണ്ട് വർഷം മുൻപ് രാജ്യം തകർച്ചയിലായിരുന്നു എന്ന കാര്യത്തിൽ തനിക്ക് ചൈനീസ് പ്രസിഡന്റുമായി പൂർണ്ണ യോജിപ്പാണുള്ളത്. എന്നാൽ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമായി അമേരിക്ക മാറിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ചൈന സന്ദർശനത്തിനിടയിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യക്തമാക്കിയ ട്രംപ്, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്റെ ഭരണകൂടം കൈവരിച്ച നേട്ടങ്ങളിൽ ഷി ജിൻപിങ് തന്നെ അഭിനന്ദിച്ചതായും അവകാശപ്പെട്ടു. അതിനിടെ, ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ സമാനമായ വിമർശനങ്ങളുമായി വൈറ്റ് ഹൗസും രംഗത്തെത്തിയിട്ടുണ്ട്.

