കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റെടുക്കാതെ മഹിളാ മോർച്ച പ്രതിഷേധം; ടിക്കറ്റ് പണം സ്വന്തം കയ്യിൽ നിന്നെടുത്ത് നൽകി വനിതാ കണ്ടക്ടർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യു.ഡി.എഫ് വാഗ്ദാനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ടിക്കറ്റെടുക്കാതെ പ്രതിഷേധിച്ച മഹിളാ മോർച്ച പ്രവർത്തകർക്ക്, വനിതാ കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണമെടുത്ത് ടിക്കറ്റ് നൽകിയത് ശ്രദ്ധേയമായി.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മേയ് 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നു. ഈ തീയതി പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചായിരുന്നു മഹിളാ മോർച്ചയുടെ ‘ടിക്കറ്റില്ലാ യാത്ര’ സമരം. എന്നാൽ, പുതിയ സർക്കാർ അധികാരമേൽക്കുന്നതിനും ഔദ്യോഗിക ഉത്തരവ് വരുന്നതിനും മുൻപ് സൗജന്യമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ.

തിരുവനന്തപുരത്ത് ബസിനുള്ളിൽ പ്രതിഷേധിച്ച പ്രവർത്തകരോട് ടിക്കറ്റെടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. സർക്കാർ ഉത്തരവില്ലാതെ സൗജന്യ യാത്ര അനുവദിക്കാനാകില്ലെന്നും, നിയമലംഘനം അനുവദിക്കില്ലെന്നും വ്യക്തമാക്കിയ കണ്ടക്ടർ, പ്രതിഷേധക്കാരുടെ ടിക്കറ്റ് തുക തന്റെ ശമ്പളത്തിൽ നിന്നും നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. താൻ ജോലി ചെയ്യുന്ന ബസിൽ ആരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് കണ്ടക്ടർ സ്വീകരിച്ചത്.

കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും സമാനമായ രീതിയിൽ മഹിളാ മോർച്ച പ്രവർത്തകർ ബസുകളിൽ കയറി പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ, പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുൻപേയുള്ള ഇത്തരം പ്രതിഷേധങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. ആദ്യം സത്യപ്രതിജ്ഞ കഴിയട്ടെ എന്നിട്ടാകാം പ്രതിഷേധമെന്നാണ് പലരും പ്രതികരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *