പുതിയ കാർ വേണ്ട, ഉള്ളത് ഉപയോഗിക്കും; ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ലളിതമായ ജീവിതശൈലിയും ഭരണരീതിയും പിന്തുടരുമെന്ന് വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്ക് സഞ്ചരിക്കാൻ പുതിയ ഔദ്യോഗിക കാർ വാങ്ങില്ലെന്നും നിലവിൽ ലഭ്യമായ കാർ തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാർ വാങ്ങുന്നത് ഭരണസംവിധാനത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിസഭ അധികാരമേൽക്കുമ്പോൾ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും പുതിയ ആഡംബര വാഹനങ്ങൾ വാങ്ങുന്ന പതിവ് രീതിക്ക് ഇതോടെ വിരാമമാവുകയാണ്. “ഉള്ള കാർ ഏതാണോ അത് ഞാൻ ഉപയോഗിക്കും. കാറിന്റെ നിറം ഏതാണെന്ന് ഞാൻ നോക്കില്ല. കറുപ്പായാലും വെളുപ്പായാലും എനിക്ക് പ്രശ്നമില്ല. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ധൂർത്തിന്റെ പാത സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനം കടന്നുപോകുന്ന സാമ്പത്തിക സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് ആവശ്യമെന്നും, മുഖ്യമന്ത്രി എന്ന നിലയിൽ അത് സ്വന്തം നിലയിൽ തന്നെ തുടങ്ങണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന കാറോ അല്ലെങ്കിൽ നിലവിൽ ടൂറിസം വകുപ്പിന്റെ പക്കലുള്ള മറ്റ് വാഹനങ്ങളോ ഉപയോഗിക്കാനാണ് തീരുമാനം. വി.ഡി. സതീശന്റെ ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ കൈയടിയാണ് നേടുന്നത്. ഭരണകൂടത്തിന്റെ ധൂർത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയിരുന്ന നേതാവ് എന്ന നിലയിൽ, അധികാരത്തിൽ വരുമ്പോഴും ആ നിലപാടിൽ ഉറച്ചുനിൽക്കുന്നത് മാതൃകാപരമാണെന്ന് വിവിധ കോണുകളിൽ നിന്നും അഭിപ്രായമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *