പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അരാഗ്ചി

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയതും നിർണായകവുമായ പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ന്യൂഡൽഹിയിൽ ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പേർഷ്യൻ ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് സൗഹൃദബന്ധമുണ്ടെന്നും അതിനാൽ സമാധാനശ്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ ഗുണകരമാകുമെന്നും അരാഗ്ചി അഭിപ്രായപ്പെട്ടു. “ഇന്ത്യയുടെ സൽപ്പേരും നയതന്ത്രബന്ധങ്ങളും സമാധാനത്തിനും സുരക്ഷയ്ക്കും സഹായകരമാകും,” എന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ വ്യാപാരക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സഹായിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. എന്നാൽ കടലിടുക്കിലെ നിലവിലെ സാഹചര്യം വളരെ സങ്കീർണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് സൈനികപരമായ പരിഹാരമില്ലെന്നും ചർച്ചയിലൂടെയുള്ള ഒത്തുതീർപ്പാണ് ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് യോഗത്തിന്റെ ഭാഗമായി വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സാഹചര്യം, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി, ഇന്ത്യ-ഇറാൻ ബന്ധങ്ങൾ എന്നിവ ചർച്ചയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *