ഇന്ത്യൻ കപ്പലിന് നേരെയുണ്ടായ ആക്രമണം അപലപിച്ച് യുഎഇ

ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാകയേന്തിയ വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യു എ ഇ. ഇത് “ഭീകരാക്രമണവും അന്താരാഷ്ട്ര നാവിക ഗതാഗതത്തിന് ഗുരുതര ഭീഷണിയുമാണെന്ന്” യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സൊമാലിയയിൽ നിന്ന് യാത്രതിരിച്ചിരുന്ന ഇന്ത്യൻ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും ഒമാൻ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

പ്രധാന സമുദ്രപാതകളുടെ സ്ഥിരത തകർക്കാനുള്ള അപകടകരമായ നീക്കമാണ് ഈ ആക്രമണമെന്ന് യുഎഇ വിലയിരുത്തി. വ്യാപാരക്കപ്പലുകളെ ലക്ഷ്യമിടുന്നതും അന്താരാഷ്ട്ര സമുദ്രമാർഗങ്ങൾ തടസപ്പെടുത്തുന്നതും അംഗീകരിക്കാനാകില്ലെന്നും യുഎഇ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിനോട് ചേർന്ന മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് സംഭവം. ലോകത്തിലെ വലിയൊരു വിഹിതം ഇന്ധനവിതരണം നടക്കുന്ന പ്രധാന സമുദ്രമാർഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ കൂടുതൽ ശക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *