മ
മാലിദ്വീപിലെ വാവു അറ്റോൾ പ്രദേശത്ത് നടന്ന സ്കൂബ ഡൈവിങ് അപകടത്തിൽ അഞ്ച് ഇറ്റാലിയൻ പൗരന്മാർ മരിച്ചു. സമുദ്രഗുഹകൾ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 50 മീറ്റർ ആഴത്തിലുള്ള ഗുഹാസമുച്ചയത്തിലേക്കുള്ള ഡൈവിങിനിടെയാണ് സംഘം അപകടത്തിൽപ്പെട്ടത്.
ജനോവ സർവകലാശാലയിലെ സമുദ്ര-പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫസർ മോണിക്ക മോണ്ടെഫാൽക്കോൺ (51), മകൻ ജോർജിയ സോമാക്കൽ (22) എന്നിവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനഡെറ്റി, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ.സംഘം സഞ്ചരിച്ചിരുന്ന “ഡ്യൂക്ക് ഓഫ് യോർക്ക്” എന്ന ലൈവ്‌ബോർഡ് ബോട്ടിൽ നിന്ന് ഡൈവിങിന് ഇറങ്ങിയ ശേഷമാണ് ഇവരെ കാണാതായത്. തുടർന്ന് മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സ്, കോസ്റ്റ് ഗാർഡ്, ഡൈവിങ് സംഘങ്ങൾ എന്നിവ ചേർന്ന് വ്യാപക തെരച്ചിൽ ആരംഭിച്ചു. ഒരു മൃതദേഹം മാത്രമാണ് ആദ്യം കണ്ടെത്താനായത്. ശേഷിക്കുന്നവർ അതേ ഗുഹയ്ക്കുള്ളിലാണെന്നാണ് അധികൃതരുടെ നിഗമനം.
അപകടസമയത്ത് പ്രദേശത്ത് മോശം കാലാവസ്ഥയും കടുത്ത കടൽപ്രക്ഷുബ്ധതയും ഉണ്ടായിരുന്നുവെന്ന് മാലിദ്വീപ് പൊലീസ് അറിയിച്ചു. യാത്രാബോട്ടുകൾക്കും മത്സ്യത്തൊഴിലാളികൾക്കും മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചതായും അധികൃതർ വ്യക്തമാക്കി. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശ്രീലങ്കയിലെ ഇറ്റാലിയൻ എംബസി മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടു ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

