പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിൽ കുഴൽക്കിണറ്റിൽ വീണ നാല് വയസുകാരനെഒൻപത് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷം സുരക്ഷിതമായി പുറത്തെടുത്തു. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയായിരുന്നു ഗുർകരൻ സിംഗ് എന്ന കുട്ടി പുതുതായി കുഴിച്ച കുഴൽക്കിണറ്റിലേക്ക് വീണത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. ഏകദേശം 20 അടി താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടിയെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ചേർന്ന് വൻ രക്ഷാപ്രവർത്തനമാണ് നടത്തിയത്. കുട്ടിയുടെ നില നിരീക്ഷിക്കാൻ കാമറയും ഓക്സിജൻ പൈപ്പും കുഴൽക്കിണറ്റിലേക്ക് ഇറക്കിയിരുന്നു. ആദ്യഘട്ടത്തിൽ കുട്ടിയുടെ ചലനങ്ങൾ കാമറയിൽ വ്യക്തമായിരുന്നെങ്കിലും പിന്നീട് മണ്ണിടിച്ചിലിനെ തുടർന്ന് നിരീക്ഷണം തടസപ്പെട്ടു. തുടർന്ന് കുഴൽക്കിണറിന് സമാന്തരമായി ഏകദേശം 25 അടി താഴ്ചയിൽ മറ്റൊരു കുഴി എടുത്ത് ചെറിയ തുരങ്കം നിർമ്മിച്ചാണ് രക്ഷാപ്രവർത്തകർ കുട്ടിയുടെ സമീപത്തെത്തിയത്.
ശനിയാഴ്ച പുലർച്ചെ 12.40 ഓടെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

