ഏഴാമത് ബഷീർ സാഹിത്യ പുരസ്‌കാരം ഓസ്‌ട്രേലിയൻ പ്രവാസി എഴുത്തുകാരൻ സിജു ജേക്കബിന്

തിരുവനന്തപുരം: മലയാള സാഹിത്യലോകത്ത് പ്രവാസ എഴുത്തിന്റെ തനതായ ശബ്ദമായി അറിയപ്പെടുന്ന ഓസ്‌ട്രേലിയ ആസ്ഥാനമായ എഴുത്തുകാരൻ സിജു ജേക്കബിന് അഭിമാനകരമായ ഏഴാമത് ബഷീർ സാഹിത്യ പുരസ്‌കാരം ലഭിച്ചു. സമന്വയ സാംസ്‌കാരിക സമിതിയുടെ ഈ പ്രതിഷ്ഠിത പുരസ്‌കാരം അൻപതിനായിരത്തി ഒന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നത് 2026 മെയ് 22-ന് തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ ഓണക്കൂർ സമ്മാനിക്കും.

വായനക്കാരുടെ ഹൃദയത്തിൽ നേരിട്ടിറങ്ങുന്ന ഭാഷയും ആഖ്യാനത്തിന്റെ വ്യത്യസ്തതയും കൊണ്ട് മലയാള സാഹിത്യത്തിൽ ശ്രദ്ധേയ സ്ഥാനം നേടിയ സിജു ജേക്കബ്, മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവാസ മണ്ണിൽ ജീവിച്ചുകൊണ്ടും മലയാളത്തിന്റെ ആത്മാവ് ഒട്ടും ചോരാതെ എഴുതിക്കൊണ്ടിരിക്കുന്ന സർഗ്ഗധനനാണ്. ലോകത്തിന്റെ നാനാ കോണുകളിൽ വേരുകളാഴ്ത്തിയ മലയാളി വായനക്കാരുടെ ഹൃദയഭൂമിയിൽ സ്ഥിര പ്രതിഷ്ഠ നേടിയ അദ്ദേഹം, അന്റാർട്ടിക്ക മുതൽ ആമസോൺ വരെ നടന്നു കണ്ട ലോകത്തെ മലയാളത്തിന്റെ സൗന്ദര്യഭാഷയിലേക്ക് പകർത്തുന്നു. യാത്രാ സാഹിത്യം, കവിത, ചെറുകഥ, ലേഖനം എന്നിങ്ങനെ വൈവിധ്യ മാർന്ന മേഖലകളിൽ തന്റേതായ ലോകം സൃഷ്ടിച്ച അദ്ദേഹത്തിന്റെ രചനകൾ പ്രവാസ ജീവിതത്തിന്റെ ആഴങ്ങളും മനുഷ്യ ബന്ധങ്ങളുടെ സൂക്ഷ്മതകളും അനുവാചകർക്ക് അനുഭവവേദ്യമാക്കുന്നു.

ഇതുവരെ നിരവധി പുരസ്‌കാരങ്ങൾ നേടിയ സിജു ജേക്കബ്, ഓരോ അംഗീകാരവും ഒരു ആഘോഷമല്ല, മറിച്ച് എഴുത്തിനോടുള്ള ഉത്തരവാദിത്വം കൂടുകയാണ് എന്ന് വ്യക്തമാക്കുന്നു. ആ വാക്കുകൾ തന്നെ, ഈ സർഗ്ഗപ്രതിഭയുടെ എഴുത്തിന്റെ ആത്മാവ് ഏതെന്ന് വെളിപ്പെടുത്തുന്നു.സമന്വയ സാംസ്‌കാരിക സമിതി സിജു ജേക്കബിന് ഹൃദ്യമായ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *