മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരുടെയും പേരുകൾ ഇന്ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച 21 അംഗ മന്ത്രിസഭ ഒന്നാകെ സത്യപ്രതിജ്ഞ ചെയ്യാനാണ് യുഡിഎഫ് യോഗത്തിൽ തീരുമാനമായത്. മന്ത്രിമാരുടെ വകുപ്പുവിഭജനവും കക്ഷികൾക്കുള്ള പ്രാതിനിധ്യവും സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും.
കോൺഗ്രസ്, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനാണ് തീരുമാനം. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയോടെ ഗവർണർക്ക് കൈമാറുമെന്നാണ് റിപ്പോർട്ട്. മേയ് 21ന് നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം മേയ് 29ന് നടത്താനും ജൂൺ 5ന് ആദ്യ ബജറ്റ് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി സ്ഥാന പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരുമോയെന്ന കാര്യത്തിൽ ഇന്നോടെ അന്തിമ തീരുമാനമുണ്ടാകാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് അദ്ദേഹം നിലപാട് കടുപ്പിച്ചിരുന്നെങ്കിലും സമവായ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി.

