ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ വീണ്ടും 45 ദിവസത്തേക്ക് നീട്ടി. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പുതിയ ധാരണയിലെത്തിയത്. നേരത്തെ പ്രഖ്യാപിച്ച വെടിനിർത്തൽ ഈ ആഴ്ച അവസാനിക്കാനിരിക്കെയായിരുന്നു നീട്ടൽ തീരുമാനം.
ഹിസ്ബുല്ലയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം നൽകുകയാണ് കരാറിന്റെ ലക്ഷ്യമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ലെബനൻ ഭാഗത്ത് നിന്ന് ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറണമെന്നും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, ഹിസ്ബുല്ലയെ നിരായുധീകരിക്കണമെന്ന നിലപാടിലാണ് ഇസ്രയേൽ.
വെടിനിർത്തൽ നീട്ടിയിട്ടും അതിർത്തി മേഖലകളിൽ ആക്രമണങ്ങൾ തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. തെക്കൻ ലെബനനിലെ ടയർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നത് പതിറ്റാണ്ടുകൾക്കുശേഷമുള്ള പ്രധാന നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അതിർത്തി സുരക്ഷ, ഹിസ്ബുല്ലയുടെ സായുധ സാന്നിധ്യം, ദീർഘകാല സമാധാന കരാർ എന്നിവയാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

