തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി എ ഐ സി സി പ്രഖ്യാപിച്ച വി ഡി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. കേരള രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പുതിയ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സൗഹാർദ്ദ സന്ദർശനം നടന്നത്.
കഴിഞ്ഞ സർക്കാരിന്റെ നല്ല പദ്ധതികൾ ഒന്നും തന്നെ പുതിയ സർക്കാർ അന്ധമായി നിർത്തലാക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി ഡി സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. വികസന കാര്യങ്ങളിൽ മുൻ സർക്കാരിന്റെ തുടർച്ചയായ പദ്ധതികളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും, സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രതിപക്ഷത്തിന്റെ ക്രിയാത്മകമായ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹാർദ്ദപരമായിരുന്നുവെന്ന് നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. പിണറായി വിജയനും കുടുംബവും ചേർന്നാണ് വി ഡി സതീശനെ സ്വീകരിച്ചത്. മെയ് 18 തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പുതിയ നിയമസഭയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവിന്റെ റോളിലായിരിക്കും എത്തുക. ഭാവിയെ മുൻനിർത്തി ഇരു നേതാക്കളും പരസ്പരം ആശംസകൾ കൈമാറി.

