വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. വാഷിംഗ്ടണിൽ നടന്ന ഉന്നതതല ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സമാധാനപരമായ പുരോഗതി കൈവരിക്കുന്നതിന് വേണ്ടിയാണ് ഏപ്രിൽ 16-ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ കാലാവധി നീട്ടിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ, ലെബനൻ പ്രതിനിധികൾ പങ്കെടുത്ത രണ്ടുദിവസത്തെ ചർച്ചകൾ ഇന്നലെയാണ് സമാപിച്ചത്. ചർച്ചകൾ തികച്ചും ഫലപ്രദമായിരുന്നുവെന്ന് യുഎസ് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് മേഖലയിൽ സമാധാനം നിലനിർത്താനുള്ള പുതിയ നീക്കം.
ഈ 45 ദിവസത്തെ അധിക കാലാവധിക്കുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനും സ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള കൂടുതൽ ചർച്ചകൾ നടക്കും. ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനമുണ്ടായത് പശ്ചിമേഷ്യയിൽ സമാധാനാന്തരീക്ഷം വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷ.

