തിരുവനന്തപുരം: പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസിന്റെ മന്ത്രിമാരെ സംബന്ധിച്ച് അന്തിമ ധാരണയായി. മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരുൾപ്പെടെ ആറുപേരുടെ മന്ത്രിസ്ഥാനമാണ് കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ചേർന്നുള്ള ചർച്ചകളിൽ ഉറപ്പിച്ചത്. സണ്ണി ജോസഫ്, എം ലിജു, പി സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിലെ മറ്റ് നേതാക്കൾ.
മുതിർന്ന നേതാക്കളുടെ പരിചയസമ്പത്തും യുവാക്കളുടെ പ്രകടനമികവും ഒരുപോലെ സന്തുലിതമാക്കിക്കൊണ്ടാണ് കോൺഗ്രസ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇതോടൊപ്പം യുവനേതാക്കളായ എം ലിജുവിനും പി സി വിഷ്ണുനാഥിനും മന്ത്രിസഭയിൽ ഇടം നൽകിയതിലൂടെ തലമുറമാറ്റത്തിന്റെ വ്യക്തമായ സൂചനയും പാർട്ടി നൽകുന്നുണ്ട്. മലബാറിൽ നിന്നുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫിന്റെ സാന്നിധ്യവും മന്ത്രിസഭയ്ക്ക് കരുത്താകും.
ലീഗിന്റെ അഞ്ച് മന്ത്രിമാരെക്കുറിച്ചുള്ള ധാരണകൾക്ക് പിന്നാലെയാണ് കോൺഗ്രസിന്റെയും പ്രധാന മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. മറ്റ് ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളെക്കുറിച്ചും വകുപ്പ് വിഭജനത്തെക്കുറിച്ചുമുള്ള ഉഭയകക്ഷി ചർച്ചകൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. വരും മണിക്കൂറുകളിൽ തന്നെ കോൺഗ്രസിന്റെയും മറ്റ് കക്ഷികളുടെയും പൂർണ്ണമായ മന്ത്രിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. മെയ് 18 തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുന്നണി വലിയ ആവേശത്തോടെയാണ് ഒരുങ്ങുന്നത്.

