മെൽബൺ: ഒന്നരവർഷം മുൻപ് മെൽബണിലെ ഒരു മാലിന്യനിക്ഷേപ കേന്ദ്രത്തിൽ നിന്നും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്തൊൻപതുകാരി ഇസ്ല ബെല്ലിന്റെ (Isla Bell) മരണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾക്കെതിരെയുള്ള കൊലക്കുറ്റങ്ങൾ പ്രോസിക്യൂഷൻ പിൻവലിച്ചതിനെതിരെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തെരുവിലേക്ക്. ശനിയാഴ്ച വിക്ടോറിയൻ സ്റ്റേറ്റ് ലൈബ്രറിക്ക് മുന്നിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ, ഇസ്ലയ്ക്ക് നീതി ആവശ്യപ്പെട്ടും ഓസ്‌ട്രേലിയയിലെ വികലമായ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരെയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
2024 ഒക്ടോബർ 7-നാണ് ഇസ്ല ബെല്ലിനെ കാണാതാകുന്നത്. ആറാഴ്ച നീണ്ട തെരച്ചിലുകൾക്കൊടുവിൽ നവംബറിലാണ് മെൽബണിന് തെക്കുകിഴക്കുള്ള ഡാൻഡെനോങ്ങിലെ (Dandenong) ഒരു മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കപ്പെട്ട ഫ്രിഡ്ജിനുള്ളിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. സംഭവത്തിൽ 55 കാരനായ മാരത് ഗാനിവിനെ (Marat Ganiev) ആദ്യം കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇത് മനഃപൂർവ്വമല്ലാത്ത നരഹത്യയായി (Manslaughter) പുതുക്കുകയും, ഈ ആഴ്ച കോടതിയിൽ വിചാരണ നടത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ ഈ കുറ്റവും പൂർണ്ണമായി പിൻവലിക്കുകയുമായിരുന്നു. ഇതിന് പകരം കേസ് അട്ടിമറിക്കാൻ ശ്രമിച്ചു (Attempt to pervert the course of justice) എന്ന നിസ്സാരമായ വകുപ്പ് മാത്രമാണ് ഇപ്പോൾ ഇയാൾക്കെതിരെ നിലവിലുള്ളത്. കേസിൽ ഇയാളെ സഹായിച്ച മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടയക്കുകയും ചെയ്തു.
പ്രതികൾക്കെതിരെയുള്ള ശക്തമായ വകുപ്പുകൾ ഒഴിവാക്കിയ കോടതി നടപടി തങ്ങളെ മാനസികമായി തകർത്തുവെന്ന് ഇസ്ലയുടെ അമ്മ ജസ്റ്റീൻ സ്പോക്സ് പ്രതിഷേധ യോഗത്തിൽ കണ്ണീരോടെ പറഞ്ഞു. ഓസ്‌ട്രേലിയയിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളെയും പുരുഷാധിപത്യ ചിന്താഗതികളെയും ഭരണകൂടം ഗൗരവമായി കാണുന്നില്ലെന്നും, ഇവിടുത്തെ നിയമസംവിധാനം ഇരകൾക്കൊപ്പമല്ലെന്നും അവർ കുറ്റപ്പെടുത്തി. ഇസ്ലയുടെ നീണ്ടതും മനോഹരവുമായ മുടിയെ ഓർമ്മിപ്പിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പ്രിയപ്പെട്ടവരും നാട്ടുകാരും പ്രതിഷേധത്തിനെത്തിയത്. തന്റെ കൊച്ചുമകൾക്ക് നീതി ഉറപ്പാക്കാൻ വിക്ടോറിയൻ അറ്റോർണി ജനറൽ സോന്യ കിൽകെന്നി (Sonya Kilkenny) അടിയന്തരമായി ഇടപെടണമെന്നും, പ്രതികളെ ജൂറിക്ക് മുന്നിൽ വിചാരണ ചെയ്യണമെന്നും ഇസ്ലയുടെ മുത്തശ്ശൻ ഡേവിഡ് ആവശ്യപ്പെട്ടു

