ബ്രിസ്ബേൻ: ബ്രിസ്ബേൻ നഗരപരിധിയിലെ സ്റ്റാഫോർഡ് നിയമസഭാ മണ്ഡലത്തിൽ നടന്ന നിർണായക ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ലിബറൽ നാഷണൽ പാർട്ടിക്ക് അനുകൂലമായി വൻ ജനവിധി ഉണ്ടാകുമെന്ന് സൂചനകൾ. ഈ ഫലം പ്രതിപക്ഷത്തുള്ള ലേബർ പാർട്ടിയുടെയും മുൻ പ്രീമിയർ സ്റ്റീവൻ മൈൽസിന്റെയും നേതൃസ്ഥാനത്തിന് കടുത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ ഏപ്രിലിൽ സ്വതന്ത്ര എംപിയായിരുന്ന ജിമ്മി സള്ളിവന്റെ പൊടുന്നനെയുള്ള വിയോഗത്തെ തുടർന്നാണ് വടക്കൻ ബ്രിസ്ബേൻ മേഖലയിൽ ഉൾപ്പെടുന്ന സ്റ്റാഫോർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുൻപ് ലേബർ പാർട്ടി പ്രതിനിധിയായിരുന്ന സള്ളിവനെ, നിയമപരവും ആരോഗ്യപരവുമായ ചില കാരണ ങ്ങളാൽ 2025 മേയിലാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. 1989 മുതൽ കൃത്യമായി ലേബർ പാർട്ടിയെ മാത്രം തുണച്ചിട്ടുള്ള, പരമ്പരാഗതമായി തൊഴിലാളി വർഗ്ഗത്തിന് മേധാവിത്വമുള്ള മണ്ഡലമാണ് സ്റ്റാഫോർഡ്. 2001 മുതൽ 2006 വരെ ജിമ്മി സള്ളിവന്റെ പിതാവ് ടെറി സള്ളിവനായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. നിലവിൽ 5.3 ശതമാനത്തിന്റെ ഭൂരിപക്ഷത്തിലാണ് ലേബർ പാർട്ടി ഈ സീറ്റ് കൈവശം വെച്ചിരിക്കുന്നത്.
എന്നാൽ, ഒടുവിൽ പുറത്തുവന്ന സർവ്വേ റിപ്പോർട്ടുകൾ പ്രകാരം എൽഎൻപി സ്ഥാനാർത്ഥി ഫിയോണ ഹാമ്മണ്ട് 51 മുതൽ 52 ശതമാനം വരെ വോട്ടുകൾ നേടി ഇവിടെ ചരിത്ര വിജയം ഉറപ്പിക്കുമെന്നാണ് ഗ്രിഫിത്ത് സർവകലാശാലയിലെ രാഷ്ട്രീയ നിരീക്ഷകൻ പോൾ വില്യംസ് വിലയിരുത്തുന്നത്. ലൂക്ക് റിച്ച്മണ്ടാണ് (Luke Richmond) ഇവിടെ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി. പ്രതിപക്ഷത്തിരിക്കുന്ന ഒരു പാർട്ടി ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് മുന്നിൽ ഒരു സീറ്റ് തോൽക്കുന്നത് കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ തോൽവി സ്റ്റീവൻ മൈൽസിന്റെ നേതൃസ്ഥാനം തെറിപ്പിച്ചേക്കുമെന്നും, പകരം ഷാഡോ ട്രഷറർ ഷാനൻ ഫെന്റിമാൻ ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്നും വില്യംസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വോട്ടർമാർ ക്രിസാഫുള്ളി സർക്കാരിന് കൃത്യമായ മുന്നറിയിപ്പ് നൽകാനുള്ള അവസരമാ ണിതെന്നാണ് സ്റ്റീവൻ മൈൽസ് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പാർട്ടിയുടെ നേതൃത്വത്തെ ബാധി ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തവണ ഗ്രീൻസ് പാർട്ടി തങ്ങളുടെ വോട്ടർമാർക്ക് ലേബർ പാർട്ടിക്കോ എൽഎൻപിക്കോ മുൻഗണന നൽകാൻ നിർദ്ദേശിച്ചിട്ടില്ല. വൻ സ്വാധീനമുള്ള വൺ നേഷൻ പാർട്ടി ഇവിടെ സ്ഥാനാർത്ഥിയെ നിർത്താത്തത് തങ്ങളുടെ വിഭവങ്ങൾ പാഴാക്കാതിരിക്കാനാണെന്ന് പാർട്ടിയുടെ ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ആഷ്ബി വ്യക്തമാക്കി. സ്റ്റാഫോർഡിലെ ഈ ജനവിധി സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമല്ല, വരാനിരിക്കുന്ന ഫെഡറൽ രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

