182 കോടി രൂപയുടെ ‘ജിഹാദി’ മയക്കുമരുന്ന് പിടികൂടി

ന്യൂ ഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമിച്ചിരുന്ന 182 കോടി രൂപ വിലവരുന്ന നിരോധിത “ക്യാപ്റ്റഗൺ” മയക്കുമരുന്ന് ഗുളികകൾ പിടികൂടി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും ഡൽഹിയിലെ സരായിയിലുമായിരുന്നു നാർകോട്ടിക് കൺട്രോൾ ബ്യൂറോ (NCB) ഉദ്യോഗസ്ഥരുടെ പരിശോധന. മയക്കുമരുന്ന് കടത്തിയ വിദേശ പൗരനെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.

“ഓപ്പറേഷൻ റേജ്പിൽ” എന്ന പേരിൽ നടത്തിയ പ്രത്യേക നടപടിയുടെ ഭാഗമായാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയതെന്ന് അമിത് ഷാ വ്യക്തമാക്കി. മധ്യേഷ്യയിലേക്കു കടത്താനായി സൂക്ഷിച്ചിരുന്ന ക്യാപ്റ്റഗൺ ഗുളികകളാണ് പിടികൂടിയതെന്നും രാജ്യത്ത് ആദ്യമായാണ് ഈ തരത്തിലുള്ള മയക്കുമരുന്ന് പിടികൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. 1960-കളിൽ വിഷാദം, നാർക്കോലെപ്സി, എഡിഎച്ച്ഡി തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ വികസിപ്പിച്ചെടുത്ത സിന്തറ്റിക് ഉത്തേജകമായ ഫെനെറ്റിലൈൻ എന്ന മരുന്നിന്റെ ബ്രാൻഡ് നാമമാണ് “ക്യാപ്റ്റഗൺ”. ആസക്തിയും ദുരുപയോഗവും വർധിച്ചതിനെ തുടർന്ന് 1980-കളിൽ ഇത് അന്താരാഷ്ട്രതലത്തിൽ നിരോധിച്ചു. പിന്നീട് യുഎൻ സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺവെൻഷന്റെ പട്ടികയിലും ഉൾപ്പെടുത്തി.

സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് ഐഎസ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ഈ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിച്ചതോടെയാണ് “ജിഹാദി ഡ്രഗ്” എന്ന പേരിൽ ഇത് അറിയപ്പെടാൻ തുടങ്ങിയത്. ഭയം കുറയ്ക്കാനും കൂടുതൽ ഉന്മേഷം നൽകാനുമുള്ള സ്വഭാവമാണ് ഇതിനെ തീവ്രവാദ സംഘടനകളിൽ വ്യാപകമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. 2020 മുതൽ 2024 വരെ രാജ്യത്തെ വിവിധ തുറമുഖങ്ങളിൽനിന്ന് 11,311 കോടി രൂപയുടെ മയക്കുമരുന്നുകൾ പിടികൂടിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ വർഷം പാർലമെന്റിൽ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *