മനുഷ്യ കവചവും രക്ഷിച്ചില്ല; ഹമാസ് സൈനിക മേധാവി ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ

ടെൽ അവീവ്: ഹമാസിന്റെ സൈനിക വിഭാഗം തലവൻ ഇസ് അൽ ദിൻ അൽ ഹദ്ദാദ് ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിൽ വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. 2023 ഒക്ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായിരുന്നു ഹദ്ദാദ് എന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഹമാസ് സൈനിക വിഭാഗത്തിന്റെ പ്രധാന നേതാക്കളിൽ അവസാനമായി ശേഷിച്ചിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും ഇസ്രയേൽ വ്യക്തമാക്കി.

ഇസ്രയേൽ പ്രതിരോധസേനയുടെ പ്രസ്താവന പ്രകാരം, യുദ്ധകാലത്ത് ഹദ്ദാദ് ഇസ്രയേൽ ബന്ദികളെ “മനുഷ്യ കവചമായി” ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. ബന്ദികളെ ചുറ്റിപ്പറ്റിയാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു. അതേസമയം, ഗാസയിലെ പ്രാദേശിക വൃത്തങ്ങൾ ഹദ്ദാദിന്റെ മരണവിവരം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഹദ്ദാദിന്റെ ഭാര്യയും മകളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഹദ്ദാദിന്റെ മരണത്തോടെ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് കൂടുതൽ സമ്മർദ്ദമുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഗാസയിൽ സമാധാന ചർച്ചകൾ മുടങ്ങിക്കിടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

Leave a Reply

Your email address will not be published. Required fields are marked *