തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാന നഗരി ഒരുങ്ങി. നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങുകൾ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ചുള്ള വിപുലമായ പന്തലിന്റെ നിർമ്മാണവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയായിവരുന്നു. പൊലീസും സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരും അവസാനവട്ട ഒരുക്കങ്ങളിലാണ്.
മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. ചരിത്രപ്രധാനമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളും തലസ്ഥാനത്ത് എത്തും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ എ.ഐ.സി.സി നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പ്രമാണിച്ച് നാളെ രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

