ബ്രിട്ടീഷ് സർക്കാരിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം; ‘യുണൈറ്റ് ദ കിംഗ്ഡം’ മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുത്തു

ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങൾക്കും വർദ്ധിച്ചുവരുന്ന കുടിയേറ്റത്തിനുമെതിരെ ലണ്ടൻ നഗരമധ്യത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ പ്രകടനം നടന്നു. ‘യുണൈറ്റ് ദ കിംഗ്ഡം’ (Unite the Kingdom) എന്ന പേരിൽ മെയ് 16 ശനിയാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ഈ കൂറ്റൻ മാർച്ച് അരങ്ങേറിയത്. ബ്രിട്ടന്റെ ദേശീയ വികാരവും അതിർത്തി സുരക്ഷയും അപകടത്തിലാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ബ്രിട്ടീഷ്-ഇംഗ്ലീഷ് പതാകകളേന്തി തെരുവിലിറങ്ങിയ ജനക്കൂട്ടം നിലവിലെ ഭരണനേതൃത്വത്തിന് കീഴിൽ രാജ്യം പോകുന്ന ദിശയ്ക്കെതിരെയും അതിർത്തി സുരക്ഷയിലെ വീഴ്ചകൾക്കെതിരെയും ശക്തമായ രോഷം രേഖപ്പെടുത്തി. ബ്രിട്ടനിലെ ഏറ്റവും പ്രവാദപരമായ തീവ്രവലതുപക്ഷ-ഇസ്‌ലാംവിരുദ്ധ പ്രവർത്തകനായ ടോമി റോബിൻസൺ (യഥാർത്ഥ പേര്: സ്റ്റീഫൻ യാക്സ്ലി-ലെനൻ) ആണ് ഈ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയത്. വലിയ രീതിയിലുള്ള ജനപിന്തുണയും അതോടൊപ്പം തന്നെ കടുത്ത വിമർശനങ്ങളും ഒരേസമയം നേരിടുന്ന വ്യക്തിയാണ് ടോമി റോബിൻസൺ.

ലണ്ടനിലെ കിങ്‌സ്‌വേയിൽ നിന്ന് ആരംഭിച്ച് പാർലമെന്റ് സ്ക്വയറിൽ സമാപിച്ച മാർച്ചിൽ ഏകദേശം 60,000-ത്തോളം പേർ പങ്കെടുത്തതായാണ് പൊലീസ് കണക്കാക്കുന്നത്. ഇതേ ദിവസം തന്നെ നഗരത്തിൽ പലസ്തീൻ അനുകൂല പ്രകടനവും (നക്ബ ദിന റാലി) നടന്നതിനാൽ സംഘർഷ സാധ്യത ഒഴിവാക്കാൻ മെട്രോപൊളിറ്റൻ പൊലീസ് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെ 4,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരുന്നത്. കുടിയേറ്റം, ദേശീയത, സാമൂഹിക സുസ്ഥിരത എന്നിവയെച്ചൊല്ലി ബ്രിട്ടനിൽ നിലനിൽക്കുന്ന രാഷ്ട്രീയ ഭിന്നതകളും ആഭ്യന്തര സംഘർഷങ്ങളും കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ വൻ ജനപങ്കാളിത്തം വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *