മെൽബൺ: ഓസ്ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന ക്വാണ്ടാസ് എയർലൈൻസ് വിമാനത്തിൽ വെച്ച് ഫ്ലൈറ്റ് അറ്റൻഡന്റായ ജീവനക്കാരനെ കടിച്ച യാത്രക്കാരന് ക്വാണ്ടാസ് ഗ്രൂപ്പ് ആജീവനാന്ത യാത്രാവിലക്ക് ഏർപ്പെടുത്തി. ദീർഘദൂര സർവീസിനിടയിൽ യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് മെൽബണിൽ നിന്ന് ഡാളസിലേക്ക് പുറപ്പെട്ട ക്വാണ്ടാസിന്റെ ക്യു.എഫ് 21 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്ര തുടങ്ങി ഏഴ് മണിക്കൂറുകൾക്ക് ശേഷം വിമാനത്തിനുള്ളിൽ വെച്ച് യാത്രക്കാരൻ അറ്റൻഡറെ ആക്രമിക്കുകയും കടിക്കുകയുമായിരുന്നു. അക്രമാസക്തനായ യാത്രക്കാരനെ തടയാൻ സഹയാത്രക്കാരും മറ്റ് വിമാന ജീവനക്കാരും ചേർന്ന് കടുത്ത ശ്രമം നടത്തി. ഇതോടെ വിമാനം ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പപ്പീറ്റിയിലെ തഹിതി വിമാനത്താവളത്തിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു.
വിമാനം പപ്പീറ്റിയിൽ ഇറങ്ങിയ ഉടൻ തന്നെ തദ്ദേശീയ സുരക്ഷാ അധികാരികൾ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ക്വാണ്ടാസ് എയർലൈൻസ് ഇയാൾക്ക് ഭാവിയിൽ തങ്ങളുടെ വിമാനങ്ങളിലും ഉപകമ്പനിയായ ജെറ്റ് സ്റ്റാറിലും യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്കേർപ്പെടുത്തി. വിമാനത്തിൽ ഇന്ധനം നിറച്ച ശേഷം 35 മിനിറ്റുകൾക്കകം യാത്ര പുനരാരംഭിച്ച വിമാനം ശനിയാഴ്ച രാവിലെയോടെ ഡാളസിൽ എത്തിച്ചേർന്നു. തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും വിമാനത്തിനുള്ളിലെ ഇത്തരം മോശം പെരുമാറ്റങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ക്വാണ്ടാസ് വക്താവ് വ്യക്തമാക്കി.
പ്രശസ്ത കൊമേഡിയൻ മൈക്ക് ഗോൾഡ്സ്റ്റൈൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിമാനത്തിനുള്ളിലെ ദൃശ്യങ്ങളിൽ, മദ്യപിച്ച മട്ടിൽ ലക്കുകെട്ട ഈ യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറുന്നതും വിമാനത്തിന് പുറത്തേക്ക് “സിഗരറ്റ് വലിക്കാൻ പോകണം” എന്ന് ആവശ്യപ്പെടുന്നതും കാണാം. ഓസ്ട്രേലിയൻ വിമാനങ്ങളിൽ സമീപകാലത്തായി ഇത്തരം അക്രമസംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം കാൻബറയിൽ നിന്ന് പെർത്തിലേക്ക് പോയ വിമാനത്തിലും സഹയാത്രക്കാരനെ കടിച്ച 45-കാരനെ 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP) അറസ്റ്റ് ചെയ്തിരുന്നു. വിമാനത്തിനുള്ളിലെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എ.എഫ്.പി മേധാവികൾ മുന്നറിയിപ്പ് നൽകി.

