സിഡ്നി: ഓസ്ട്രേലിയയുടെ പുതിയ ആണവ അന്തർവാഹിനി (Nuclear Submarine) താവളത്തിനായി പോർട്ട് കെംബ്ലയെ തിരഞ്ഞെടുത്തതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ന്യൂ സൗത്ത് വെയ്ൽസിലെ ലേബർ യൂണിയൻ രംഗത്ത്. ‘ഓക്കസ്’ (AUKUS) കരാറിന്റെ ഭാഗമായി നിർമ്മിക്കുന്ന ഈ താവളം ഓസ്ട്രേലിയയെ ശത്രുരാജ്യങ്ങളുടെ നേരിട്ടുള്ള ആക്രമണ ലക്ഷ്യമാക്കി മാറ്റുമെന്നും തങ്ങളുടെ പുറത്ത് ഒരു വൻ ലക്ഷ്യപ്പലക (Target) പ്രതിഷ്ഠിക്കുന്നതിന് തുല്യമാണിതെന്നും സൗത്ത് കോസ്റ്റ് ലേബർ കൗൺസിൽ (SCLC) മുന്നറിയിപ്പ് നൽകി.
മുൻ ന്യൂ സൗത്ത് വെയ്ൽസ് ലിബറൽ സർക്കാർ തയ്യാറാക്കിയതും കഴിഞ്ഞ ദിവസം പാർലമെന്റിൽ സമർപ്പിച്ചതുമായ രഹസ്യ രേഖകൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. സിഡ്നിയിൽ നിന്നും 75 കിലോമീറ്റർ തെക്കുള്ള പോർട്ട് കെംബ്ലയാണ് ആണവ അന്തർവാഹിനി താവളത്തിനായി ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ഈ സൈനിക താവളം വരുന്നതോടെ ഓസ്ട്രേലിയയുടെ സൈനിക ശത്രുക്കളുടെ പ്രധാന ആക്രമണ ലക്ഷ്യമായി ഈ പ്രദേശം മാറുമെന്നും റിപ്പോർട്ട് തന്നെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പോർട്ട് കെംബ്ലയെ ഡൊണാൾഡ് ട്രംപിന്റെ നാവികസേനയ്ക്ക് വിട്ടുകൊടുക്കാൻ തുനിഞ്ഞിറങ്ങിയാൽ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സൗത്ത് കോസ്റ്റ് ലേബർ കൗൺസിൽ സെക്രട്ടറി ആർതർ റോറിസ് ഭരണാധികാരികൾക്ക് മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട താവളത്തിന് തൊട്ടടുത്തായി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും പദ്ധതി നടപ്പിലായാൽ പ്രദേശത്തെ ആരോഗ്യ സേവനങ്ങൾ, റോഡുകൾ, ഭവനവില എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നിന്നുള്ള ‘വിർജീനിയ ക്ലാസ്’ ആണവ അന്തർവാഹിനികൾ ഓസ്ട്രേലിയൻ കമാൻഡിന് കീഴിൽ ലഭിക്കില്ലെന്നും, ഓസ്ട്രേലിയയുടെ പണം ഉപയോഗിച്ച് അമേരിക്കൻ അന്തർവാഹിനികൾക്ക് വേണ്ടിയുള്ള താവളമാണ് ഇവിടെ ഒരുങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ലേബർ എഗെയ്ൻസ്റ്റ് വാർ’ (Labor Against War) എന്ന സംഘടനയും പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് അമേരിക്കൻ ആണവ താവളം സ്ഥാപിക്കുന്നതിനെ പൂർണ്ണമായി എതിർക്കുമെന്നും ഇലവാര (Illawarra) മേഖലയിലെ ജനങ്ങളെ അണിനിരത്തി ഇതിനെതിരെ ശക്തമായ പോരാട്ടം നയിക്കുമെന്നും ദേശീയ കൺവീനർ മാർക്കസ് സ്ട്രോം വ്യക്തമാക്കി. ഓക്കസ് കരാർ ഓസ്ട്രേലിയയ്ക്ക് സുരക്ഷയല്ല നൽകുന്നത്, മറിച്ച് യു.എസ് യുദ്ധപദ്ധതികളുടെ സജീവ പങ്കാളിയാക്കി രാജ്യത്തെ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശവാസികളും വലിയ തോതിൽ ഈ പദ്ധതിക്ക് എതിരാണ്. പദ്ധതിക്കെതിരെ മുൻപ് നാലായിരത്തോളം ജനങ്ങൾ പങ്കെടുത്ത വൻ പ്രതിഷേധ മാർച്ച് മേഖലയിൽ നടന്നിരുന്നു.

