ടിക്കറ്റ് തുക തിരികെ ലഭിക്കാൻ മുത്തശ്ശന്റെ മരണം വ്യാജമായി ചമച്ചു; ക്വീൻസ്‌ലൻഡിൽ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ബ്രിസ്ബേൻ: വിമാന ടിക്കറ്റിന്റെ തുക റീഫണ്ടായി തിരികെ ലഭിക്കുന്നതിനായി സ്വന്തം മുത്തശ്ശൻ മരിച്ചുവെന്ന് കാണിച്ച് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച ഇരുപത്തൊൻപതുകാരനായ നഴ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ക്വീൻസ്‌ലൻഡിലെ പ്രമുഖ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ ആരോഗ്യ വകുപ്പ് അധികൃതർ കടുത്ത അച്ചടക്ക നടപടിയാണ് സ്വീകരിച്ചത്. യാത്രക്കാരൻ മരണപ്പെട്ടാൽ മാത്രമേ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകൂ എന്ന ക്വാണ്ടാസ് എയർലൈൻസിന്റെ നിബന്ധന മുതലെടുക്കാനാണ് ഇയാൾ വ്യാജ രേഖ ചമച്ചത്.

2024 ഏപ്രിലിൽ നടന്ന തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മുത്തശ്ശനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുന്നതിനായാണ് ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ 2023-ന്റെ അവസാനത്തോടെ മുത്തശ്ശന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് യാത്ര ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു. ടിക്കറ്റ് ക്യാൻസൽ ചെയ്ത് തുക തിരികെ ലഭിക്കുന്നതിനായി ഇയാൾ ഇന്റർനെറ്റിൽ നിന്നും മരണ സ്ഥിരീക രണത്തിനുള്ള ‘ലൈഫ് എക്സ്റ്റിങ്റ്റ്’ ഫോം ഡൗൺലോഡ് ചെയ്യുകയും, അതിൽ വ്യാജ രജിസ്‌ട്രേഷൻ നമ്പറും ഡോക്ടറുടെ വ്യാജ ഒപ്പും രേഖപ്പെടുത്തി എയർലൈൻസിന് സമർപ്പിക്കുകയുമായിരുന്നു. തുടർന്ന് 1,300 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 72,000 രൂപ) ഇയാൾക്ക് റീഫണ്ടായി ലഭിച്ചു.

പിന്നീട് ക്രമക്കേട് പുറത്തായതോടെ ക്വീൻസ്‌ലൻഡ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 2024 ഓഗസ്റ്റിൽ നടന്ന വിചാരണയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ഇയാൾ സമ്മതിച്ചതിനെ തുടർന്ന് കോടതി 12 മാസത്തെ ഗുഡ് ബിഹേവിയർ ബോണ്ടും ടിക്കറ്റ് തുക പൂർണ്ണമായി ക്വാണ്ടാസിന് തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്വീൻസ്‌ലൻഡ് സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഇയാൾക്കെതിരെ നഴ്സിംഗ് പ്രൊഫഷണൽ മിസ്‌കോണ്ടക്ട് പ്രകാരം നടപടി സ്വീകരിച്ചത്. ഇയാളുടെ നഴ്സിംഗ് രജിസ്‌ട്രേഷൻ റദ്ദാക്കുന്ന കാര്യം ട്രിബ്യൂണൽ പരിഗണി ച്ചുവെങ്കിലും, സ്വന്തം തെറ്റ് സമ്മതിച്ച് അധികൃതരെ അറിയിച്ചതിനാലും മുൻപ് ഉണ്ടായ കടുത്ത രോഗ ബാധയെത്തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചതിനാലും രജിസ്‌ട്രേഷൻ പൂർണ്ണമായി റദ്ദാക്കിയില്ല. എങ്കിലും ആശുപത്രിയിലെ ജോലിയിൽ നിന്നും ഇയാളെ അടിയന്തരമായി പിരിച്ചുവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *