മെൽബൺ: ഓസ്‌ട്രേലിയയിൽ ലിബറൽ പാർട്ടി അധികാരത്തിലെത്തിയാൽ രാജ്യത്തെ കുടിയേറ്റ നിരക്കിൽ 70 ശതമാനത്തോളം വൻ കുറവ് വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ (Angus Taylor) പ്രഖ്യാപിച്ചു. രാജ്യത്തെ കുടിയേറ്റ നിരക്കുകൾ ഓരോ വർഷവും നിർമ്മിക്കപ്പെടുന്ന വീടുകളുടെ എണ്ണവുമായി ബന്ധിപ്പിക്കുന്ന പുതിയ നയത്തിലൂടെയാകും ഇത് നടപ്പിലാക്കുകയെന്ന് സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
പുതിയ നിർദ്ദേശപ്രകാരം, പ്രതിവർഷം നെറ്റ് ഓവർസീസ് മൈഗ്രേഷൻ (Net Overseas Migration) വഴി രാജ്യത്തെത്തുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലും താഴെയായി പരിമിതപ്പെടുത്തും. ലേബർ സർക്കാരിന്റെ കാലത്തെ ഏറ്റവും ഉയർന്ന കുടിയേറ്റ നിരക്കായ അഞ്ച് ലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 70 ശതമാനത്തോളം കുറവാണ്. അതായത്, പ്രതിവർഷം കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം ഒന്നര ലക്ഷമായി ചുരുങ്ങും. രാജ്യത്ത് നിർമ്മിക്കപ്പെടുന്ന ഭവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെയാണ് ലേബർ പാർട്ടി കുടിയേറ്റ ലക്ഷ്യങ്ങൾ നിശ്ചയിച്ചിരിക്കുന്നതെന്നും ഈ രീതി മാറണമെന്നും ടെയ്‌ലർ കുറ്റപ്പെടുത്തി. ഓരോ വർഷവും ഹൗസിംഗ് മിനിസ്റ്റർ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാകും കുടിയേറ്റ പരിധി നിശ്ചയിക്കുക.
കുടിയേറ്റം വെട്ടിച്ചുറയ്ക്കുന്നതിന് പുറമെ, ഓസ്‌ട്രേലിയൻ പൗരത്വമില്ലാത്തവർക്കുള്ള സോഷ്യൽ വെൽഫെയർ ആനുകൂല്യങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്. സെന്റർലിങ്ക് (Centrelink), എൻ.ഡി.ഐ.എസ് (NDIS) ഉൾപ്പെടെയുള്ള 17 ഓളം പ്രധാന വെൽഫെയർ ആനുകൂല്യങ്ങൾ ഓസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തും. നിലവിൽ ഓസ്‌ട്രേലിയയിൽ പുതുതായി എത്തുന്നവർക്ക് നാല് വർഷം വരെയുള്ള കാത്തിരിപ്പ് കാലാവധിക്ക് ശേഷം ഈ ആനുകൂല്യങ്ങൾ ലഭിക്കാറുണ്ട്. ഓസ്‌ട്രേലിയൻ പൗരത്വത്തിന് കൃത്യമായ മൂല്യമുണ്ടാകണമെന്നും പൗരന്മാർക്ക് മാത്രമായി ആനുകൂല്യങ്ങൾ മാറ്റിവെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ ഈ പുതിയ വെൽഫെയർ നിയമം നിലവിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന നോൺ-സിറ്റിസൺസിനെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

