മോസ്കോ: റഷ്യയിലെ മോസ്കോ മേഖലയെ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ വൻ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെട്ടതായി റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ തൊഴിലാളികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
മോസ്കോയ്ക്കും സമീപ പ്രദേശങ്ങൾക്കുമെതിരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിതെന്ന് റഷ്യൻ അധികൃതർ അറിയിച്ചു. നിരവധി ഡ്രോണുകൾ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം തകർത്തുവെങ്കിലും ചിലത് ജനവാസ മേഖലകളിലും നിർമാണ സ്ഥലങ്ങളിലുമെത്തി നാശനഷ്ടമുണ്ടാക്കി. ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരന്റെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ഇന്ത്യൻ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചതായും എംബസി പ്രസ്താവനയിൽ അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകുന്നതായി എംബസി വ്യക്തമാക്കി.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നൂറുകണക്കിന് ഡ്രോണുകളാണ് വിവിധ മേഖലകളിൽ തടഞ്ഞത്. ആക്രമണത്തെ തുടർന്ന് മോസ്കോയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾക്ക് തടസ്സം നേരിട്ടു. അതേസമയം, റഷ്യൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടി നടത്തിയതെന്ന് യുക്രൈൻ പ്രസിഡന്റ് വൊളാഡിമർ സെലൻസ്കി പ്രതികരിച്ചു.

