തിരുവനന്തപുരം: “മകൻ തന്നെയാണ് എനിക്ക് സതീശൻ…” തിരുവനന്തപുരം രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രത്യേക അതിഥിയായി എത്തിയ പറവൂർ സ്വദേശിനി അമ്മാളു അമ്മയുടെ വാക്കുകളിൽ നിറഞ്ഞത് ഒരമ്മയുടെ വാത്സല്യവും അഭിമാനവുമായിരുന്നു. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാനാണ് പറവൂരിൽ നിന്നും ഈ വയോധിക തലസ്ഥാനത്ത് എത്തിയത്.
2018-ലെ മഹാപ്രളയകാലത്ത് വി.ഡി. സതീശൻ മുൻകൈയെടുത്ത് നടപ്പിലാക്കിയ ‘പുനർജനി’ പദ്ധതിയിലൂടെയാണ് അമ്മാളു അമ്മയും അദ്ദേഹവും തമ്മിലുള്ള ആത്മബന്ധം ആരംഭിക്കുന്നത്. പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന് സങ്കടത്തിലായിരുന്ന അമ്മാളു അമ്മയ്ക്ക് പുനർജനി പദ്ധതിയിലൂടെ പുതിയ വീട് നിർമ്മിച്ച് നൽകിയിരുന്നു. വീടിന്റെ താക്കോൽ കൈമാറാൻ സതീശൻ നേരിട്ടെത്തിയ അന്നുമുതൽ തുടങ്ങിയതാണ് ഈ അമ്മ-മകൻ ബന്ധം.
മണ്ഡലത്തിലെ തിരക്കുകൾക്കിടയിലും പറവൂരിലെത്തുമ്പോഴെല്ലാം അമ്മാളു അമ്മയെ സന്ദർശിക്കാനും ക്ഷേമവിവരങ്ങൾ അന്വേഷിക്കാനും വി.ഡി. സതീശൻ മറക്കാറില്ലായിരുന്നു. തന്റെ മണ്ഡലത്തിലെ സാധാരണക്കാരിയായ ഒരു വയോധികയോട് കാണിച്ച ആത്മാർത്ഥമായ ഈ സ്നേഹവും കരുതലുമാണ് ഇന്ന് മുഖ്യമന്ത്രിപദത്തിലേക്കുള്ള അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അമ്മാളു അമ്മയ്ക്ക് പ്രത്യേക ക്ഷണം ലഭിക്കാൻ കാരണമായത്. രാജ്ഭവനിലെ വിവിഐപി നിരയിലിരുന്ന് ‘തന്റെ മകൻ’ സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായും, സതീശൻ വലിയ നിലകളിൽ എത്താൻ എന്നും പ്രാർത്ഥിച്ചിരുന്നതായും അമ്മാളു അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

