ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന ഗ്യാരന്റികളിലൊന്നായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ജനപ്രിയമായ ഈ വൻ പ്രഖ്യാപനം നടത്തിയത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ പ്രതിമാസം കെഎസ്ആർടിസിക്ക് ഉണ്ടാകാൻ സാധ്യതയുള്ള അധിക സാമ്പത്തിക ബാധ്യതയും യാത്രാക്കാരുടെ എണ്ണവും കൃത്യമായി തിട്ടപ്പെടുത്തിയ ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനം.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ പ്രത്യേക ജൻഡർ ടിക്കറ്റിങ് സംവിധാനം ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്. കണ്ടക്ടർമാരുടെ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകളിൽ (ഇടിഎം) യാത്രക്കാരുടെ ലിംഗഭേദം കൃത്യമായി രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. യാത്രാക്കാരുടെ കൃത്യമായ കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ ജൂൺ പകുതിയോടെ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാനാകും. അയൽസംസ്ഥാനങ്ങളായ കർണ്ണാടകയിലും തമിഴ്നാട്ടിലും വിജയകരമായി തുടരുന്ന മാതൃക പിന്തുടർന്നാണ് കേരളത്തിലും ഈ പദ്ധതി നടപ്പാക്കുന്നത്.

ഇതോടൊപ്പം വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും മുൻനിർത്തി ഇന്ത്യയിലാദ്യമായി പ്രത്യേക ‘വയോജന മന്ത്രാലയം’ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവും വരുത്തിയിട്ടുണ്ട്. കൂടാതെ അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനത്തിൽ 1,000 രൂപയുടെ വർദ്ധനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *