തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ പ്രോടെം സ്പീക്കറായി നിയമിച്ചു. മെയ് 21 വ്യാഴാഴ്ച നിയമസഭാ മന്ദിരത്തിൽ വെച്ചാണ് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.
രാജ്ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഗവർണർക്ക് മുന്നിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ആദ്യം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. തുടർന്ന് സഭാ സമ്മേളനം ആരംഭിക്കുമ്പോൾ അദ്ദേഹം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും അട്ടിമറി വിജയം നേടി സഭയിലെത്തിയ ജി. സുധാകരന്റെ ദീർഘകാലത്തെ പാർലമെന്ററി പരിചയം മുൻനിർത്തിയാണ് പ്രോടെം സ്പീക്കർ സ്ഥാനത്തേക്ക് അദ്ദേഹത്തെ സർക്കാർ ശുപാർശ ചെയ്തത്.
മെയ് 21-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായ ശേഷമായിരിക്കും പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടികളിലേക്ക് സഭ കടക്കുക. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനമാണിത് എന്നതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് ഈ വരാനിരിക്കുന്ന സമ്മേളനം.

