തിരുവനന്തപുരം: കടുത്ത ദാരിദ്ര്യത്തോടും ജീവിത പ്രതിസന്ധികളോടും പൊരുതി ജയിച്ച് ഒടുവിൽ സംസ്ഥാനത്തിന്റെ മന്ത്രിപദത്തിലേക്ക് നിയുക്തനായി കൊടുങ്ങല്ലൂരിൽ നിന്നുള്ള യുവ എംഎൽഎ അഡ്വ. ഒ.ജെ. ജനീഷ്. വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും ശ്രദ്ധേയമായ സർപ്രൈസ് എൻട്രികളിലൊന്നായ ജനീഷിന്റെ ജീവിതവഴി സാധാരണക്കാരായ ലക്ഷക്കണക്കിന് യുവാക്കൾക്ക് വലിയൊരു പ്രചോദനമാണ്.
ചെറുപ്പകാലത്ത് തന്നെ അച്ഛൻ മരണപ്പെട്ടതോടെയാണ് ജനീഷിന്റെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. കുടുംബം പുലർത്താനായി പഠനകാലത്ത് സെക്യൂരിറ്റി ജോലി ഉൾപ്പെടെയുള്ള കഠിനമായ തൊഴിലുകളിലേക്ക് ഈ യുവാവിന് തിരിയേണ്ടി വന്നു. ഈ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനം കൂടി ചേർത്താണ് കുടുംബത്തിന്റെ ഏക ആശ്രയമായി മുന്നോട്ട് കൊണ്ടുപോയത്.
ഇത്തരം കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും പൊതുരംഗത്തും പഠനത്തിലും ഒരുപോലെ തിളങ്ങാൻ ജനീഷിന് സാധിച്ചു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ കഴിഞ്ഞ സർക്കാരിനെതിരെയുള്ള ശക്തമായ സമരമുഖങ്ങളിലൂടെയാണ് ജനീഷ് ജനശ്രദ്ധ നേടുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നും അട്ടിമറി വിജയം നേടിയാണ് താരം നിയമസഭയിലെത്തിയത്. പ്രതിസന്ധികളെ കരുത്തോടെ നേരിട്ട്, അടിത്തട്ടിൽ നിന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വളർന്ന ജനീഷിന് മന്ത്രിസഭയിലേക്ക് ലഭിച്ച ഈ അംഗീകാരം കോൺഗ്രസിലെ സാധാരണക്കാരായ പ്രവർത്തകർക്കും വലിയൊരു ആവേശമായി മാറിയിട്ടുണ്ട്.

