ടെഹ്‌റാൻ: ആഗോള കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തി ഹോർമുസ് കടലിടുക്കിൽ നടത്തിയ വിജയകരമായ യുദ്ധകാല ഉപരോധത്തിന് പിന്നാലെ, ലോകത്തിന്റെ ഡിജിറ്റൽ ശൃംഖലയെത്തന്നെ തകിടം മറിക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ആശയവിനിമയത്തിന്റെയും ജീവനാഡിയായ അന്തർവാഹിനി ഇൻ്റർനെറ്റ് കേബിളുകളെ (Submarine internet cables) ലക്ഷ്യമിട്ടാണ് ഇറാന്റെ പുതിയ നീക്കങ്ങൾ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അതീവ സുപ്രധാനമായ ഈ കേബിളുകൾക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമോ തടസ്സമോ ഉണ്ടായാൽ അത് ആഗോളതലത്തിൽ വൻ പ്രതിസന്ധിക്ക് കാരണമാകും.
സിംഗപ്പൂർ പോലുള്ള ഏഷ്യൻ ഡാറ്റാ ഹബ്ബുകളെയും യൂറോപ്പിലെ പ്രധാന കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും നിർണായകമായ ഡിജിറ്റൽ ഇടനാഴിയാണ് ഹോർമുസ് കടലിടുക്ക്. ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഭൂരിഭാഗം ഡിജിറ്റൽ വിവരവിനിമയവും സാമ്പത്തിക ഇടപാടുകളും ഈ കടലിനടിയിലെ കേബിളുകൾ വഴിയാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഏത് ചെറിയ നീക്കവും ഇരു ഭൂഖണ്ഡങ്ങളും തമ്മിലുള്ള ബാങ്കിങ്, വാണിജ്യ മേഖലകളെ പാടെ മന്ദഗതിയിലാക്കാൻ പോന്നതാണ്.
കൂടാതെ, ഈ കേബിൾ ശൃംഖലയെ ആശ്രയിച്ചു കഴിയുന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുടെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിലച്ചുപോകാനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നുണ്ട്. കപ്പലുകളെ തടഞ്ഞും പിടിച്ചെടുത്തും ആഗോള വിപണിയെ മുൻപ് സമ്മർദ്ദത്തിലാക്കിയ ഇറാൻ, ഇപ്പോൾ ഡിജിറ്റൽ ലോകത്തെ ബന്ദിയാക്കാൻ ശ്രമിക്കുന്നത് വൻശക്തി രാജ്യങ്ങളെയും സാങ്കേതിക മേഖലയെയും ഒരേപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിഷയം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

