കെഎസ്ആർടിസി നഷ്ടത്തിലാണ്, പിന്നെങ്ങനെ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകും?; വിമർശനങ്ങൾക്ക് മറുപടിയുമായി സർക്കാർ

തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ, പദ്ധതിയുടെ പ്രായോഗികതയെ ചോദ്യം ചെയ്ത് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ശക്തമാകുന്നു. “ഇപ്പോൾ തന്നെ കടുത്ത നഷ്ടത്തിൽ ഓടുന്ന കെഎസ്ആർടിസിക്ക് ഈ പുതിയ ബാധ്യത കൂടി എങ്ങനെ താങ്ങാൻ കഴിയും” എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

എന്നാൽ, ഈ പദ്ധതി കെഎസ്ആർടിസിയെ കൂടുതൽ തളർത്താനല്ല, മറിച്ച് കെഎസ്ആർടിസി ബസുകളിലേക്ക് യാത്രക്കാരെ ആകർഷിക്കാനാണ് സഹായിക്കുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ സ്വകാര്യ വാഹനങ്ങളെയും മറ്റ് യാത്രാമാർഗ്ഗങ്ങളെയും ആശ്രയിക്കുന്ന സ്ത്രീ യാത്രാക്കാരുടെ എണ്ണം കെഎസ്ആർടിസിയിലേക്ക് മാറുന്നതോടെ ബസുകളിലെ തിരക്ക് വർദ്ധിക്കും. സ്ത്രീകളോടൊപ്പം യാത്ര ചെയ്യുന്ന മറ്റ് കുടുംബാംഗങ്ങളുടെ ടിക്കറ്റ് വരുമാനം കെഎസ്ആർടിസിക്ക് അധികമായി ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, കർണ്ണാടക, തമിഴ്നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം അവിടുത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ യാത്രാക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ പദ്ധതി വഴി കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന യഥാർത്ഥ സാമ്പത്തിക നഷ്ടം പൂർണ്ണമായും സർക്കാർ സബ്‌സിഡിയായി കോർപ്പറേഷന് നേരിട്ട് നൽകുമെന്നാണ് സൂചന. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം നീക്കിവെക്കാനാണ് ധനവകുപ്പിന്റെ തീരുമാനം. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ജൻഡർ ടിക്കറ്റിങ് സംവിധാനത്തിലൂടെ കൃത്യമായ യാത്രാക്കണക്കുകൾ ശേഖരിച്ചു വരികയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ സാമ്പത്തിക ആസൂത്രണത്തോടെ മാത്രമായിരിക്കും ജൂൺ പകുതിയോടെ പദ്ധതി പൂർണ്ണതോതിൽ നടപ്പിലാക്കുകയെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *