ഇറാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ 8,000 സൈനികരെയും യുദ്ധവിമാന സ്ക്വാഡ്രണിനെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും വിന്യസിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക വിന്യാസമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ വ്യോമസേനയുടെ ജെ.എഫ്-17 യുദ്ധവിമാനങ്ങൾ, ഡ്രോൺ സ്ക്വാഡ്രണുകൾ, ചൈനീസ് നിർമിത വ്യോമ പ്രതിരോധ സംവിധാനം എന്നിവയും സൗദിയിലേക്ക് അയച്ചിട്ടുണ്ട്. ഈ സൈനിക ഉപകരണങ്ങൾ പാകിസ്ഥാൻ സൈനികർ തന്നെയാണ് നിയന്ത്രിക്കുന്നത്. ചെലവ് സൗദി അറേബ്യ വഹിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. സൗദിക്കെതിരെ കൂടുതൽ ആക്രമണസാധ്യത ഉയർന്ന സാഹചര്യത്തിലാണ് പാകിസ്ഥാൻ വലിയ സൈനിക പിന്തുണ നൽകുന്നതെന്നാണ് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഔദ്യോഗികമായി പരിശീലന-ഉപദേശക ചുമതലകളാണെന്ന് പറയുന്നുണ്ടെങ്കിലും വിന്യസിച്ച സേനയുടെ സ്വഭാവം യുദ്ധസജ്ജമാണെന്നാണ് റിപ്പോർട്ടുകൾ.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാനചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിക്കുന്നതിനിടെ തന്നെയാണ് പാകിസ്ഥാൻ സൗദിയിലേക്ക് സൈനിക വിന്യാസം ശക്തമാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാർ പ്രകാരം ആവശ്യമെങ്കിൽ 80,000 വരെ പാകിസ്ഥാൻ സൈനികരെ സൗദിയിൽ വിന്യസിക്കാനുള്ള വ്യവസ്ഥയും ഉണ്ടെന്നാണ് റിപ്പോർട്ട്.

