“സമയം തീരുകയാണ്”; ഇറാനെതിരെ വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

“സമയം തീരുകയാണ്”; ഇറാനെതിരെ വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായുള്ള സമാധാന-ആണവ ചർച്ചകൾ നിലച്ച സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ‌ഡൊണാൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. “ഇറാൻ്റെ സമയം തീരുകയാണ്. അവർ വേഗത്തിൽ നീങ്ങണം; അല്ലെങ്കിൽ ഒന്നും ശേഷിക്കില്ല” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.

ഇറാന്റെ ആണവ പദ്ധതി, ഉപരോധ ഇളവുകൾ, പശ്ചിമേഷ്യയിലെ യുദ്ധാനന്തര നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ തടസപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടി ഉണ്ടാകാമെന്ന സൂചനയും ട്രംപ് നൽകി. ഇതിനിടെ പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ പുതിയ സമാധാന നിർദേശം അമേരിക്കയ്ക്ക് കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇറാന്റെ നിർദേശങ്ങൾ പര്യാപ്തമല്ലെന്നാണ് അമേരിക്കൻ നിലപാട്.

സമാധാനകരാർ സാധ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും സാഹചര്യം അതീവ സംഘർഷഭരിതമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക സൈനിക സജ്ജീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. കരാർ പരാജയപ്പെട്ടാൽ “വിപുലമായ സൈനികാക്രമണത്തിന്” തയ്യാറാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *