ഓസ്‌ട്രേലിയയിൽ വൻ ഡിഫ്തീരിയ പടർച്ച; നോർത്തേൺ ടെറിട്ടറിക്ക് പുറമെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി രോഗം വ്യാപിച്ചതായി സ്ഥിരീകരണം

കാൻബറ: ഓസ്‌ട്രേലിയയിൽ ഏതാണ്ട് പൂർണ്ണമായി തുടച്ചുനീക്കപ്പെട്ട മാരകവും അതിവ്യാപന ശേഷിയുള്ളതുമായ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗബാധ നോർത്തേൺ ടെറിട്ടറിക്ക് പുറമെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലേക്ക് കൂടി പടർന്നതായി സ്ഥിരീകരണം. രാജ്യം ദശാബ്ദങ്ങളായി കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്നും സ്ഥിതിഗതികൾ അതീവ ആശങ്കാജനകമാണെന്നും ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ വ്യക്തമാക്കി. രോഗബാധയെത്തുടർന്ന് നോർത്തേൺ ടെറിട്ടറിയിൽ ഇതിനകം ഒരാൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിലെ ഔദ്യോഗിക കണക്കുകൾ പ്രകാരം നോർത്തേൺ ടെറിട്ടറിയിൽ മാത്രം 133 ഡിഫ്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിൽ 79 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. ഇപ്പോൾ സൗത്ത് ഓസ്‌ട്രേലിയയിൽ ആറും ക്വീൻസ്‌ലാൻഡിൽ അഞ്ചും കേസുകൾ വീതം റിപ്പോർട്ട് ചെയ്തതോടെയാണ് രോഗം സംസ്ഥാന അതിർത്തികൾ ഭേദിച്ച് പടരുന്നതായി വ്യക്തമായത്. ബാധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തദ്ദേശീയ വിഭാഗങ്ങളിൽ (Indigenous Australians) പെട്ടവരാണെന്നും ഇവിടുത്തെ വാക്സിനേഷൻ നിരക്ക് ഉയർത്താൻ ആദിവാസി ആരോഗ്യ സംഘടനകളുമായി ചേർന്ന് സർക്കാർ അടിയന്തിര നടപടികൾ ആരംഭിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചു.

1926-നും 1935-നും ഇടയിൽ ഓസ്‌ട്രേലിയയിൽ നാലായിരത്തിലധികം കുട്ടികളുടെ ജീവനെടുത്ത ഡിഫ്തീരിയ, 1940-കളിൽ ആരംഭിച്ച ശക്തമായ വാക്സിനേഷൻ ഡ്രൈവിലൂടെയാണ് നിയന്ത്രണവിധേയമാക്കിയത്. കോവിഡ് മഹാമാരിക്ക് ശേഷം ആഗോളതലത്തിൽ കുട്ടികളുടെ വാക്സിനേഷൻ നിരക്കിൽ വന്ന ഇടിവാണ് ഈ രോഗത്തിന്റെ ശക്തമായ തിരിച്ചുവരവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശ്വാസകോശത്തെയും തൊണ്ടയെയും ബാധിക്കുന്ന ഈ ബാക്ടീരിയ രോഗം വായുവിലൂടെയും ഉമിനീരിലൂടെയും അതിവേഗം പടരുന്ന ഒന്നാണ്. രോഗം കടുക്കുന്നതോടെ ശ്വാസതടസ്സമുണ്ടാകുകയും ഹൃദയം, വൃക്ക, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പുകളും ബൂസ്റ്റർ ഡോസുകളും കൃത്യസമയത്ത് എടുക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *