നികുതിഭാരം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; സ്വന്തം പാർട്ടി സർക്കാരിനെതിരെ വിമർശനവുമായി എൻ.എസ്.ഡബ്ല്യു പ്രീമിയർ ക്രിസ് മിൻസ്

സിഡ്‌നി: ഓസ്‌ട്രേലിയയിൽ പണപ്പെരുപ്പവും ശമ്പളവർദ്ധനവും മൂലം സാധാരണക്കാർ ഉയർന്ന നികുതി പരിധിയിലേക്ക് (ബ്രാക്കറ്റ് ക്രീപ്പ്) തള്ളപ്പെടുന്നതിനെതിരെ ഫെഡറൽ ലേബർ സർക്കാരിനെതിരെ പരസ്യ വിമർശനവുമായി ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു) ലേബർ പ്രീമിയർ ക്രിസ് മിൻസ്. ഉയർന്ന വരുമാനക്കാർ തങ്ങളുടെ അധ്വാനത്തിന്റെ പകുതിയോളം സർക്കാരിന് നികുതിയായി നൽകേണ്ടി വരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നികുതി സ്ലാബുകൾ പണപ്പെരുപ്പത്തിന് ആനുപാതികമായി പരിഷ്‌കരിക്കുമെന്ന ലിബറൽ പാർട്ടി നേതാവ് ആംഗസ് ടെയ്‌ലറുടെ പ്രഖ്യാപനത്തെ പിന്തുണച്ചുകൊണ്ടാണ് ക്രിസ് മിൻസ് സ്വന്തം പാർട്ടിക്കെതിരെ രംഗത്തെത്തിയത്.

പണപ്പെരുപ്പം മൂലം ജനങ്ങളുടെ യഥാർത്ഥ വാങ്ങൽ ശേഷി ഉയരുന്നില്ലെങ്കിലും, ശമ്പളത്തിൽ വരുന്ന നേരിയ വർദ്ധനവ് അവരെ ഉയർന്ന നികുതി പരിധിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, അധ്യാപകർ എന്നിവർക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ശമ്പളവർദ്ധനവിന്റെ ആനുകൂല്യങ്ങൾ ഫെഡറൽ സർക്കാരിന്റെ വലിയ നികുതിഭാരം കാരണം ഇല്ലാതാകുകയാണെന്ന് മിൻസ് ചൂണ്ടിക്കാട്ടി. 47 ശതമാനം വരെ ഉയർന്ന നികുതി നൽകുന്നവർ ആഴ്ചയിലെ പകുതി ദിവസവും സർക്കാരിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളുടെ കൈകളിൽ കൂടുതൽ പണം എത്തിക്കാൻ അടിയന്തര നികുതി പരിഷ്‌കരണത്തിന് ഫെഡറൽ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ഓസ്‌ട്രേലിയൻ നികുതി ഘടനയനുസരിച്ച് $18,200 വരെയുള്ള വരുമാനത്തിന് നികുതിയില്ല. എന്നാൽ $190,000-ന് മുകളിലുള്ള വരുമാനത്തിന് 45 ശതമാനമാണ് നികുതി. ഇതിനോടൊപ്പം 2 ശതമാനം മെഡിക്കെയർ ലെവിയും ചേരുമ്പോഴാണ് ഇത് 47 ശതമാനമാകുന്നത്. പ്രതിപക്ഷത്തിന്റെ നികുതി പരിഷ്‌കരണ നിർദ്ദേശം സമ്പദ്‌വ്യവസ്ഥയിൽ പണപ്പെരുപ്പം കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്ന് ട്രഷറർ ജിം ചാൽമേഴ്‌സ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ പ്രീമിയർ തന്നെ കേന്ദ്ര നിലപാടിനെതിരെ തിരിഞ്ഞത്. ഫെഡറൽ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി എൻ.എസ്.ഡബ്ല്യു സംസ്ഥാനത്തിന് അർഹമായ വിഹിതം നൽകിയില്ലെന്ന് ക്രിസ് മിൻസ് കഴിഞ്ഞ ദിവസങ്ങളിൽ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നികുതി വിഷയത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചത് ഫെഡറൽ ലേബർ സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *