സിഡ്‌നി: സിഡ്‌നി ഹാർബർ ബ്രിഡ്ജിന് സമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് നഗരത്തിൽ കിലോമീറ്ററുകളോളം കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഓഫീസുകൾ ഒഴിഞ്ഞു ആളുകൾ മടങ്ങുന്ന പീക്ക് അവർ സമയത്താണ് അപകടമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം സിഡ്‌നി ഹാർബർ ബ്രിഡ്ജിന്റെ തെക്കേ അറ്റത്തുള്ള വെസ്റ്റേൺ ഡിസ്ട്രിബ്യൂട്ടറിന്റെ സൗത്ത് ബൗണ്ട് ലൈനിൽ ഗ്രോസ്വെനർ സ്ട്രീറ്റിനും യോർക്ക് സ്ട്രീറ്റ് ഓഫ്-റാംപിനും സമീപമാണ് അപകടം നടന്നത്.
അപകടത്തിൽപ്പെട്ട ഒരു കാർ റോഡിൽ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. മൂന്ന് വാഹനങ്ങളിലുമായി ഡ്രൈവർമാർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഇവർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി. വൈകുന്നേരം 4:15 ഓടെ വിവരമറിഞ്ഞ് എമർജൻസി സർവീസുകൾ സംഭവസ്ഥലത്തെത്തി. പരിക്കേറ്റ ചിലരെ എൻ.എസ്.ഡബ്ല്യു ആംബുലൻസ് പാരാമെഡിക്കൽ സംഘം സ്ഥലത്തുവെച്ച് തന്നെ പ്രാഥമിക പരിശോധനക ൾക്ക് വിധേയരാക്കിയെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലാത്തതിനാൽ ആരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല.
വൈകുന്നേരം 5 മണിയോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഹാർബർ ബ്രിഡ്ജിന് ചുറ്റുമുള്ള റോഡുകളിൽ വലിയ രീതിയിൽ വാഹനങ്ങളുടെ നിര രൂപപ്പെട്ടു. വൈകുന്നേരം 6 മണിയോടെ ഏഴ് കിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് മോട്ടോർ വാഹന യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

