250 ഡോളറിന്റെ ആനുകൂല്യം അനാവശ്യം; ഫെഡറൽ ലേബർ സർക്കാരിനെതിരെ ഓസ്‌ട്രേലിയൻ ശതകോടീശ്വരന്മാർ രംഗത്ത്

മെൽബൺ: ജീവിതച്ചെലവ് വർദ്ധനവ് മൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്നതിനിടെ, ലേബർ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 250 ഡോളറിന്റെ പുതിയ ടാക്സ് ഓഫ്‌സെറ്റ് (WATO) ആനുകൂല്യത്തിനെതിരെ ഓസ്‌ട്രേലിയൻ ശതകോടീശ്വരന്മാർ രംഗത്ത്. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാവർക്കും ഒരുപോലെ നൽകുന്ന ഈ ആനുകൂല്യം തികച്ചും അശാസ്ത്രീയമാണെന്നും, തങ്ങൾക്ക് ലഭിക്കുന്ന ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ദാനം ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു. തലമുറകൾ തമ്മിലുള്ള സാമ്പത്തിക അസമത്വം ഇല്ലാതാക്കാൻ ഈ പദ്ധതിക്ക് കഴിയില്ലെന്നാണ് പ്രധാന വിമർശനം.

ഏകദേശം 6 ബില്യൺ ഡോളർ ആസ്തിയുള്ള, 89 കാരനായ ലിൻഫോക്സ് സ്ഥാപകൻ ലിൻഡ്സെ ഫോക്സ്, തനിക്കും ഈ തുകയ്ക്ക് അർഹതയുണ്ടെന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. തനിക്ക് ലഭിക്കുന്ന തുക സർക്കാരിന് തിരികെ നൽകാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യത്തിനായി നൽകുമെന്നും, പണം എങ്ങനെ വിനിയോഗിക്കണമെന്ന് രാഷ്ട്രീയക്കാരേക്കാൾ നന്നായി ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. 20 ബില്യൺ ഡോളറിലധികം ആസ്തിയുള്ള മൈനിംഗ് വ്യവസായി ക്ലൈവ് പാമറും ഇതിനെതിരെ രംഗത്തുവന്നു. യുവാക്കളെ സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ ബജറ്റ് യഥാർത്ഥത്തിൽ തങ്ങളെപ്പോലെയുള്ള മുതിർന്ന തലമുറയ്ക്കാണ് ഗുണം ചെയ്യുന്നതെന്നും, തനിക്ക് ലഭിക്കുന്ന തുക പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണം നൽകുന്ന ‘ഫുഡ്ബാങ്ക്’ എന്ന സംഘടനയ്ക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രഷറർ ജിം ചാൽമേഴ്സ് ഈ ബജറ്റിലെ ഏറ്റവും വലിയ ആശ്വാസപദ്ധതിയെന്ന് വിശേഷിപ്പിച്ച ഈ പദ്ധതിക്കായി ആദ്യ രണ്ട് വർഷം 6.4 ബില്യൺ ഡോളറാണ് ചിലവ് കണക്കാക്കുന്നത്. ഇത് ആഴ്ചയിൽ വെറും 4.81 ഡോളർ മാത്രമാണ് നൽകുന്നത്. ഇതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാൻ 2028 വരെ കാത്തിരിക്കുകയും വേണം. അതേസമയം, നികുതി പരിധിക്ക് പുറത്തുള്ള, തൊഴിലില്ലായ്മ വേതനവും പെൻഷനും വാങ്ങുന്ന നാല് മില്ല്യണിലധികം വരുന്ന ഏറ്റവും നിർധനരായ ജനങ്ങൾക്ക് ഈ പദ്ധതി കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ഓസ്‌ട്രേലിയൻ കൗൺസിൽ ഓഫ് സോഷ്യൽ സർവീസ് (ACOSS) ചീഫ് എക്സിക്യൂട്ടീവ് കസാൻഡ്ര ഗോൾഡി കുറ്റപ്പെടുത്തി. ഈ താൽക്കാലിക ആനുകൂല്യത്തിന് പകരം പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ മുന്നോട്ടുവെച്ച, നികുതി സ്ലാബുകൾ പണപ്പെരുപ്പത്തിന് അനുസരിച്ച് പരിഷ്‌കരിക്കുന്ന (ഇൻഡക്സേഷൻ) ശാശ്വത പദ്ധതിയാണ് നടപ്പാക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ദ്ധരും ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *